കേരളം
കേരളത്തില്‍ 24 മണിക്കൂറിനിടെ 11,050 പേര്‍ക്ക് പനി; ഡെങ്കിയും H1N1ഉം വർധിക്കുന്നു
സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,050 പേരാണ് പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയത്. മൂന്ന് പേര്‍ പനി ബാധിച്ച് മരിക്കുകയും ചെയ്തു.
11,000ല്‍ അധികം രോഗികള്‍ എത്തിയതില്‍ 159 പേര്‍ക്ക് ഡെങ്കിപ്പനിയും 42 പേര്‍ക്ക് എച്ച്1എന്‍1ഉം സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് കഴിഞ്ഞ അഞ്ച് ദിവസത്തിനിടയില്‍ അരലക്ഷത്തിലേറെപ്പേര്‍ പനി ബാധിച്ച് ചികിത്സ തേടി വിവിധ ആശുപത്രികളിലെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം വരെ 55,830 പേര്‍ക്കാണ് പനി സ്ഥിരീകരിച്ചത്. ഇതില്‍ 493 പേര്‍ക്ക് ഡെങ്കിപ്പനിയും 69 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 158 പേര്‍ക്ക് എച്ച്1എന്‍1 ഉം സ്ഥിരീകരിച്ചു. എലിപ്പനി ബാധിച്ച് മൂന്നു പേരും എച്ച്1എന്‍1 ബാധിച്ച് മൂന്നു പേരും കഴിഞ്ഞ അഞ്ചു ദിവസത്തിനിടയില്‍ മരിച്ചു.
പനി ബാധിച്ചവരുടെ എണ്ണം സംബന്ധിച്ച കണക്കുകള്‍ സര്‍ക്കാര്‍ പുറത്തു വിടുന്നില്ലെന്ന് പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചതിനു പിന്നാലെയാണ് ആരോഗ്യ വകുപ്പ് കണക്കുകള്‍ പ്രസിദ്ധീകരിച്ചത്.
ശമ്പളം കിട്ടാത്ത എന്‍എച്ച്എം ജീവനക്കാര്‍ നിസഹകരണം പ്രഖ്യാപിച്ചതോടെയാണ് ഏകികൃത കണക്ക് പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിവച്ചത്. ഇന്നലെ എന്‍എച്ച്എം ജീവനക്കാര്‍ക്കായി 45 കോടി രൂപ ധനവകുപ്പ് അനുവദിച്ചതിന് പിന്നാലെയാണ് വെബ്‌സൈറ്റില്‍ കണക്ക് പ്രസിദ്ധീരിച്ചത്.