കേരളം
കാലിക്കറ്റ് സർവകലാശാലയിൽ വിരമിച്ച നൂറോളം അധ്യാപകർ പ്രൊഫസറാകും
വിരമിച്ച അധ്യാപകർക്ക് മുൻകാല പ്രാബല്യത്തോടെ പ്രൊഫസർ പദവി നൽകാനുള്ള നീക്കവുമായി കാലിക്കറ്റ് സർവകലാശാല. ഇതിനായി ചട്ടങ്ങൾ ഭേദഗതി ചെയ്ത് വൈസ് ചാൻസലർ ഉത്തരവിറക്കി. നടപടി യുജിസി ചട്ടങ്ങൾ ലംഘിക്കുന്നതാണെന്നാണ് ആക്ഷേപം.
2018ലെ യുജിസി നിർദേശമനുസരിച്ച് സർവീസിൽ തുടരുന്നവരെ മാത്രമേ പ്രൊഫസർ പദവിക്ക് പരിഗണിക്കാവt. സെലക്ഷൻ കമ്മിറ്റി അഭിമുഖം നടത്തി ശുപാർശ ചെയ്യണമെന്നാണ് വ്യവസ്ഥ. ഇത് ഭേഗദതികളൊന്നും കൂടാതെ അതേപടി നടപ്പാക്കാനാണ് സംസ്ഥാന സർക്കാറിന്റെയും ഉത്തരവ്. ഇതിനിടെയാണ് വിരമിച്ചവർക്കുകൂടി അനുവദിക്കാനുള്ള കാലിക്കറ്റ് സർവകലാശാലയുടെ ഉത്തരവ്.
സർവീസിൽ തുടരുന്ന അർഹതയുള്ള അധ്യാപകരെ മാത്രമേ മുൻകാല പ്രാബല്യത്തിൽ പ്രൊഫസർ പദവിക്ക് പരിഗണിക്കാവൂ. എന്നാൽ കാലിക്കറ്റ് സർവകലാശാലയുടെ ഉത്തരവോടെ വിവിധ കോളജുകളിൽ നിന്ന് വിരമിച്ച നൂറോളം അധ്യാപകർക്ക് മുൻകാല പ്രാബല്യത്തോടെ പ്രൊഫസർ പദവി ലഭിക്കും. ഒരോരുത്തർക്കും അഞ്ചു ലക്ഷത്തോളം രൂപ ശമ്പള കുടിശ്ശികയായി നൽകേണ്ടി വരും. ആകെ ഈ ഇനത്തിൽ അഞ്ചുകോടി രൂപയുടെ ബാധ്യത സർക്കാരിനുണ്ടാകും.
അതേസമയം, ഈ തീരുമാനത്തിന് പിന്നിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന് മുൻകാല പ്രാബല്യത്തോടെ പ്രൊഫസർ പദവി നൽകാനാണെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ആരോപിച്ചു. മന്ത്രി ബിന്ദു കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കേരള വർമ കോളജിൽ ഇംഗ്ലിഷ് അധ്യാപിക ആയിരിക്കവേ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് കഴിഞ്ഞ മാർച്ചിൽ സ്വയം വിരമിക്കുകയായിരുന്നു. മന്ത്രിക്ക് പ്രൊഫസർ പദവി മുൻകാല പ്രാബല്യത്തോടെ ലഭിക്കാനാണ് സർവകലാശാല, യുജിസി ചട്ടങ്ങൾ ലംഘിച്ചതെന്നാണ് കമ്മിറ്റി ആരോപിക്കുന്നത്.
മന്ത്രി ബിന്ദു തെരഞ്ഞെടുപ്പ് വേളയിൽ പ്രൊഫസർ പദവി വച്ച് പ്രചാരണം നടത്തിയതും ബാലറ്റ് പേപ്പറിൽ പ്രൊഫസർ എന്ന് രേഖപ്പെടുത്തിയതും ചോദ്യം ചെയ്ത് എതിർ സ്ഥാനാർഥി യുഡിഎഫി ലെ തോമസ് ഉണ്ണിയാടൻ ഹൈക്കോടതിയിൽ കേസ് നൽകിയിരിക്കുകയാണ്. ഇതു ദുർബലപ്പെടുത്താനാണു സർവകലാശാല ഇളവ് അനുവദിച്ചതെന്നാണ് ആരോപണം. കാലിക്കറ്റ് സർവകലാശാലയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ചെയർമാൻ ആർ എസ് ശശികുമാർ, സെക്രട്ടറി എം ഷാജർ ഖാൻ എന്നിവർ ഗവർണർക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകി.