കേരളം
മരണപ്പെട്ട ജോയിയുടെ മാതാവിന് പത്ത് ലക്ഷം രൂപ ധനസഹായം
തിരുവനന്തപുരം ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപെട്ടു മരിച്ച ശുചീകരണ തൊഴിലാളി എൻ.ജോയിയുടെ കുടുംബത്തിന് ഉറപ്പുകളുമായി സർക്കാർ. ജോയിയുടെ അമ്മ മെല്‍ഹിക്ക് അടിയന്തര സഹായമായി 10 ലക്ഷം രൂപ നൽകും. ജോയിയുടെ അനുജനു റെയിൽവേയോ സർക്കാരോ ജോലി നൽകുമെന്നും വാഗ്ദാനമുണ്ട്. സർക്കാർ നൽകിയ ഉറപ്പുകളിൽ വിശ്വസിച്ചാണു പ്രതിഷേധങ്ങളിലേക്കു പോകാത്തതെന്നു കുടുംബം പ്രതികരിച്ചു.
ജോയിയെ കണ്ടെത്താൻ മഹത്തായ രക്ഷാപ്രവർത്തനമാണു നടന്നതെന്നും പങ്കെടുത്തവരെ അഭിനന്ദിക്കുന്നതായും മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. റെയിൽവേ ഭൂമിയിലായിരുന്നു അപകടം. സർക്കാരിനും നഗരസഭയ്ക്കും ഒന്നും ചെയ്യാനാകില്ല. മാലിന്യ സംസ്കരണം ഉറപ്പാക്കാൻ റെയിൽവേയുമായി യോഗം ചേർന്നിരുന്നു. യോഗത്തിൽ റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥരെത്തിയില്ല. റെയിൽവേ ചെയ്യേണ്ട 20 കാര്യങ്ങൾ യോഗത്തിൽ വ്യക്തമാക്കിയിരുന്നെന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ മന്ത്രി വിമർശിച്ചു. പ്രതിപക്ഷ നേതാവ് ഔചിത്യം കാണിച്ചില്ല. ദുരന്തത്തിനിടയിലും രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിച്ചെന്നും എം.ബി.രാജേഷ് അഭിപ്രായപ്പെട്ടു. തോട് വൃത്തിയാക്കുന്നതിനിടെ ശനിയാഴ്ച കാണാതായ ജോയിയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെയാണു തകരപ്പറമ്പ് – വഞ്ചിയൂർ ഭാഗത്തുനിന്നു കണ്ടെത്തിയത്. ജോയിയുടെ മരണത്തിൽ അതീവദുഃഖമുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
അതേസമയം ജോയിയുടെ കുടുംബത്തെ സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അപകടത്തിന്റെ ഉത്തരവാദി ആരായിരുന്നാലും അന്വേഷിച്ച് കണ്ടെത്തണമെന്ന് ഗവര്‍ണര്‍ പറഞ്ഞു.
സംഭവത്തില്‍ നിന്ന് റെയില്‍വേയും കോര്‍പറേഷനും പാഠം ഉള്‍കൊള്ളണെമെന്നും ജോയിയുടെ മരണത്തില്‍ ഇരുകൂട്ടര്‍ക്കും തുല്ല്യ ഉത്തരവാദിത്തമുണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.ഹൃദയം നുറുങ്ങുന്ന അനുഭവമാണിത്. പ്രായമായ അമ്മയ്ക്ക് സ്വന്തം മകനെ നഷ്ടപ്പെട്ടിരിക്കുന്നു. നഷ്ടപരിഹാരം എത്രയും പെട്ടന്ന് കുടുംബത്തിന് ഉറപ്പാക്കണമെന്നും രണ്ട് കേന്ദ്രമന്ത്രിമാരും ജോയിയുടെ വീട് സന്ദര്‍ശിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
10 lakh rupees financial assistance to Joys mother who died