കേരളം
സംസ്ഥാനത്ത് പട്ടയം കാത്തിരിക്കുന്നത് 1.32 ലക്ഷം പേർ
റവന്യൂ വകുപ്പിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഭൂമിക്ക് പട്ടയം ലഭിക്കാൻ കാത്തിരിക്കുന്നത് 1.32 ലക്ഷം പേർ. ഏറ്റവുമധികം പേർ ഇടുക്കിയിലാണ് 46,293 പേരാണ് ഭൂമിക്ക് പട്ടയം ലഭിക്കുന്നതിന് അപേക്ഷ നൽകിയത്. ഏറ്റവും കുറവ് പത്തനംതിട്ടിയിലാണ്. 432 പേരാണ് അവിടെ പട്ടയം കാത്തിരിക്കുന്നത്.
അതേസമയം ഈ സർക്കാർ അധികാരമേറ്റ് ആദ്യാ വർഷ കാളയവിനുള്ളിൽ 54,535 പേർക്ക് ഭൂമിയുടെ പട്ടയം നൽകി. തൃശൂരാണ് ഏറ്റവുമധികം പേർക്ക് പട്ടയം നൽകിയത്. 11,356 പേർക്കാണ് അവിടെ പട്ടയം ലഭിച്ചത്. കകുറവ് പത്തനംതിട്ടയിലാണ്. അവിടെ 373 പേർക്കാണ് പട്ടയം ലഭിച്ചത്. നിയമപ്രകാരം പട്ടയം നൽകുന്നതിനു തടസങ്ങളുള്ള കൈവശങ്ങളുടെ വിശദാംശങ്ങൾ സംസ്ഥാന തലത്തിൽ ക്രോഡീകരിക്കുന്നതിനുള്ള ഓൺലൈൻ പോർട്ടലിന്റെ (പട്ടയം ഡാഷ്ബോർഡ്) പ്രവർത്തനം ആരംഭിച്ചു.
ഈ പോർട്ടലിൽ ലഭ്യമാക്കിയിട്ടുള്ള പട്ടയ പ്രശ്നങ്ങൾ സംസ്ഥാനതലത്തിൽ പരിശോധിച്ച ശേഷം പരിഹരിക്കാവുന്നവ പരിഹരിക്കുന്നതിന് വ്യക്തമായ മാർഗ നിർദേശങ്ങൾ കലക്ടർമാർക്കു ലാൻഡ് റവന്യൂ കമീഷണർ നൽകി. സർക്കാർ ഉത്തരവുകളിലൂടെയോ അല്ലെകിൽ ചട്ടഭേദഗതികളിലൂടെയോ പരിഹരിക്കേണ്ടവയിന്മേൽ സർക്കാരിൽ പരിശോധിച്ച് നടപടി സ്വീകരിക്കും.
1963-ലെ ഭൂപരിഷ്കരണ നിയമപ്രകാരം കേരളത്തിൽ ജന്മിത്തം അവസാനിപ്പിക്കുകയും കുടിയായ്മ, കുടികിടപ്പ് അവകാശങ്ങളിൽ ഭൂമി കൈവശമുള്ളവർക്കെല്ലാം ഭൂമിക്കുമേൽ പൂർണമായ ഉടമസ്ഥാവകാശം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ലാൻഡ് ട്രൈബ്യൂണലുകളിൽ ഈ അവകാശങ്ങൾ ലഭിക്കുന്നതിനായി നൽകിയിട്ടുള്ള അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനു പട്ടയം മിഷനിൽ ഉൾപ്പെടുത്തി ജില്ലകൾക്കു ടാർഗറ്റ് നൽകി. അതിന്റെ പുരോഗതി വിലയിരുത്തുന്നു.
പട്ടയമിഷൻ പദ്ധതിക്കായി 2023 ലെ ബഡ്ജറ്റിൽ രണ്ട് കോടി രൂപ പ്രഖ്യാപിച്ചു. ഈ സർക്കാർ അധികാരമേറ്റെടുത്ത് ആദ്യ വർഷ കാലയളവിനുള്ളിൽ 54535പട്ടയങ്ങൾ വിതരണം ചെയ്തു. സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുളള നൂറു ദിന കർമ പദ്ധതിയുടെ ഭാഗമായി 40,000 പട്ടയങ്ങളെങ്കിലും വിതരണം ചെയ്യുന്നതിനുളള നടപടികൾ സ്വീകരിച്ചുവെന്നും മന്ത്രി കെ.രാജൻ വ്യക്തമാക്കി.