കേരളം
മണർകാട് ഡിവൈഎഫ്ഐ- യൂത്ത് കോൺഗ്രസ് സംഘർഷം
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മണർകാട് സംഘർഷം. ഒരു ഡിവൈഎഫ്ഐ പ്രവർത്തകന് പരിക്ക്. യൂത്ത് കോൺഗ്രസുകാർ കല്ലെറിഞ്ഞെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.
ഡിവൈഎഫ്ഐ പ്രവത്തകർ തങ്ങളെ മർദ്ദിച്ചെന്ന ആരോപണവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തി. അബിൻ വർക്കി ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് നേതാക്കൾക്കും പരിക്കുപറ്റിയിട്ടുണ്ട്. പോലീസ് ലീത്തി വീശി.
അതേ സമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന് ഉജ്ജ്വല വിജയം. 37719 വോട്ടുകളുടെ വിജയമാണ് ചാണ്ടി ഉമ്മന് പുതുപ്പള്ളി കരുതിവച്ചിരുന്നത്. പിതാവ് ഉമ്മൻചാണ്ടിയെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വിറപ്പിച്ച ജെയ്ക്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കിയാണ് ചാണ്ടി ഉമ്മന്‍ വിജയം പിടിച്ചെടുത്തത്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ തന്‍റെ വിജയം ഉമ്മൻ ചാണ്ടിയുടെ പതിമൂന്നാം ജയമാണെന്നാണ് ചാണ്ടി ഉമ്മൻ ആദ്യമായി പ്രതികരിച്ചത്. അപ്പയോടുള്ള പുതുപ്പള്ളിക്കാരുടെ സ്നേഹത്തിന് വലിയ നന്ദിയെന്നും ചാണ്ടി പറഞ്ഞു. ജനവിധി സ്വാഗതം ചെയ്യുന്നുവെന്ന് പുതുപ്പള്ളിയിലെ ഇടത് സ്ഥാനാർത്ഥി ജെയ്ക് സി തോമസും പ്രതികരിച്ചു. പുതുപ്പള്ളിയുടെ പുതിയ എം എൽ എയ്ക്ക് ഭാവുകങ്ങൾ അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.