ദേശീയം
ജനങ്ങള്‍ക്ക് വലുത് അവരുടെ സ്വകാര്യത; വാട്‌സ് ആപ്പിനോട് സുപ്രീംകോടതി
നിങ്ങള്‍ ഒരുപക്ഷേ ശതകോടികളുടെ കമ്ബനിയായിരിക്കാം, എന്നാല്‍ ജനങ്ങളുടെ സ്വകാര്യത തന്നെയാണ് ഏറ്റവും വലുത്, സുപ്രീംകോടതി വാട്‌സ്‌ആപ്പിനോട് വ്യക്തമാക്കി. ഫേസ്ബുക്കിന്റെയും വാട്്‌സ് ആപ്പിന്റെയും മൂലധനത്തേക്കാള്‍ വലുതാണ് ജനങ്ങള്‍ക്ക് അവരുടെ സ്വകാര്യതയെന്നും ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്‌ഡെ വ്യക്തമാക്കി. വാട്‌സ്‌ആപ്പിന്റെ പുതിയ സ്വകാര്യതാനയം ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കവേയാണ് കോടതി നിലപാട് കടുപ്പിച്ചത്.
വാട്‌സ്‌ആപ്പില്‍ അയക്കുന്ന സന്ദേശങ്ങള്‍ ഫേസ്ബുക്കുമായി പങ്കുവെയ്ക്കുന്നു എന്ന മാധ്യമ വാര്‍ത്തകള്‍ ജനങ്ങളില്‍ ആശങ്കകളുണ്ടാക്കുന്നുണ്ട്.
വാട്‌സ്‌ആപ്പ് യൂറോപ്യന്‍ രാജ്യങ്ങളിലും ഇന്ത്യയിലും സ്വകാര്യതാനയവും വത്യസ്തമായാണ് വെച്ചിരിക്കുന്നത്.ഇക്കാര്യത്തില്‍ വിശദമായ പരിശോധനയ്ക്ക് കോടതി തയാറാവും, ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നല്‍കി. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ പ്രത്യേക സ്വകാര്യതാനയം ഉള്ളതിനാലാണ് പ്രത്യേക നയം വെച്ചതെന്ന് വാട്‌സ്‌ആപ്പിനും ഫേസ്ബുക്കിനും വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ അറിയിച്ചു.
ഇന്ത്യയില്‍ പുതിയ നയം ഉണ്ടായാല്‍ അതു കമ്ബനി പാലിക്കുമെന്നും വ്യക്തിപരമായ വിവരങ്ങള്‍ പങ്കുവെയ്ക്കുന്നില്ലെന്നും സിബല്‍ കോടതിക്ക് ഉറപ്പു നല്‍കി.
വാട്‌സ്‌ആപ്പിന്റെ പുതിയ സ്വകാര്യതാനയത്തിലൂടെ വ്യക്തിപരമായ വിവരങ്ങള്‍ ചോരുമെന്ന ആശങ്ക രാജ്യത്തിനാകെ ഉണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. ഹര്‍ജിയില്‍ നാലാഴ്ചയ്ക്കകം നിലപാടറിയിക്കാന്‍ ഫേസ്ബുക്ക്, വാട്‌സ്‌ആപ്പ്, കേന്ദ്രസര്‍ക്കാര്‍ എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.