Uncategorized
ഇന്ന് ലോക ഭക്ഷ്യദിനം
വിശപ്പിനെതിരെയുള്ള സമരം കൂടിയാണ് ഭക്ഷ്യദിനം. ലോകം ഒരു വശത്ത് വികസനകുതിപ്പില്‍ മുന്നോട്ട് പോകുമ്പോള്‍ മറുവശത്തെ കഷ്ടപാടുകളെ കുറിച്ച് നമ്മള് പലരും ആലോചിക്കാറില്ല. 1945ല്‍ രൂപീകൃതമായ ഐക്യരാഷ്ടരസഭയുടെ ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ നേതൃത്വത്തില്‍ 1979 മുതലാണ് ഒക്ടോബര്‍ 16 ലോക ഭക്ഷ്യദിനമായി ആചരിക്കുന്നത്. ലോകത്തെ ലക്ഷോപലക്ഷം ജനങ്ങളുടെ വിശപ്പിന്റെയും ദാരിദ്രത്തിന്റെയും പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കാനും പരിഹാരമാര്‍ഗം കണ്ടെത്താനുമുള്ള ബോധവല്‍ക്കരണം കൂടിയാണ് ഈ ദിനം. 150 രാജ്യങ്ങളിലായാണ് ഭക്ഷ്യദിനാഘോഷം നടത്തുന്നത്.
2018 ലെ ഭക്ഷ്യ കാര്‍ഷിക സംഘടന പ്രകാരം, ചെറിയ കാലയളവിനു ശേഷം വീണ്ടും ലോകത്ത് പട്ടിണിനിരക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. 820 ദശലക്ഷം ആളുകളാണ് ദീര്‍ഘകാലമായി അല്‍പാഹാരമായി കഴിയുന്നത്.ലോകത്തെ മുഴുവന്‍ ജനങ്ങളുടെയും വിശപ്പ് മാറ്റാനുള്ള ഭക്ഷണം ഭൂമിയില്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ആഗോളജനസംഖ്യയുടെ 11 ശതമാനത്തിലധികം ആളുകള്‍ പട്ടിണി മാറ്റാന്‍ കഷ്ടപ്പെടുകയാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഈ വര്‍ഷത്തെ നൊബേല്‍ പുരസ്കാരം കിട്ടിയിരിക്കുന്നത് ലോകദാരിദ്രനിര്‍മാര്‍ജനത്തിനുള്ള ഗവേഷണത്തിനാണെന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്. ലോകത്തിന് മുന്നിലുള്ള ഏറ്റവും വലിയ ആകുലതകളിലൊന്ന് ദാരിദ്ര്യമാണ് എന്നിരിക്കെ കൊല്‍ക്കത്തയില്‍ ജനിച്ച അഭിജിത് ബാനര്‍ജിയുടെയും സഹശാസ്ത്രജ്ഞരുടെയും ഗവേഷണത്തിന് മൂല്യമേറെയാണ്.
ദാരിദ്ര്യത്തെ ഒരറ്റ നിര്‍വചനത്തിലൊതുക്കാതെ ഒരു വ്യക്തിയുടെയോ ഒരു വിഭാഗത്തിന്റെയോ ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും യഥാര്‍ത്ഥകാരണം കണ്ടെത്തി അത് പരിഹരിക്കാനുള്ള മാര്‍ഗം വേണമെന്ന് ഈ സംഘം നിര്‍ദേശിക്കുന്നു.
ലോകത്തെ 82 കോടി ജനങ്ങള്‍ ഇപ്പോഴും ഒഴിഞ്ഞ വയറുമായി ഭക്ഷണത്തിനായി കാത്തിരിപ്പുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഭക്ഷ്യോല്പാദനം വര്‍ധിപ്പിക്കാനും 2030 ഓടെ സീറോ ഹഗര് എന്ന സ്ഥിതിയിലേക്ക് കൊണ്ടുവരുന്നതിനും എല്ലാ രാജ്യങ്ങളും ഭൂഖണ്ഡങ്ങളും തൊഴില്‍ മേഖലകളുടെയും പങ്കാളിത്തം അനിവാര്യമാണെന്ന് ഈ വര്‍ഷത്തെ മുദ്രവാക്യമായ our actions are our future എന്നത് നാം ഓരോരുത്തരേയും ഓര്‍മ്മപ്പെടുത്തുന്നുണ്ട്.