കേരളം
മെഡിക്കല്‍ കോളജില്‍ പ്രവേശനം നിഷേധിച്ചു ; യുവതിക്ക് ആംബുലന്‍സില്‍ പ്രസവം
വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശനം നൽകാതെ മടക്കിയ യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. ഗുരുതരാവസ്ഥയിലായ നവജാതശിശുവിനെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിലേക്ക് മാറ്റി. തലവടി സ്വദേശിനിയായ യുവതിയാണ് വണ്ടാനത്തുനിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് പുറപ്പെട്ട ആംബുലന്‍സില്‍ പ്രസവിച്ചത്. ഞായറാഴ്ച ഉച്ചക്ക് 12.30ന് അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ നീരേറ്റുപുറം ജങ്ഷനിലാണ് യുവതിയുടെ പ്രസവം നടന്നത്.
ഒപ്പമുണ്ടായിരുന്ന സഹോദരിയാണ് പ്രസവസമയത്ത് അടുത്തുണ്ടായിരുന്നത്. പ്രസവശേഷം യുവതിയെയും നവജാത ശിശുവിനെയും തിരുവല്ല സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പൂര്‍ണ വളര്‍ച്ചയെത്താത്ത നവജാതശിശു ആശുപത്രി വെന്റിലേറ്ററിലാണ്. അഞ്ച് ലക്ഷം രൂപയോളം ചെലവഴിച്ചാല്‍ മാത്രമേ കുട്ടിയുടെ ജീവന് നിലനിര്‍ത്താന്‍ കഴിയൂവെന്ന് ആശുപത്രിവൃത്തങ്ങള്‍ സൂചിപ്പിച്ചതായി ബന്ധുക്കള്‍ പറയുന്നു.
പ്രസവവേദനയെത്തുടര്‍ന്ന് രാവിലെ യുവതിയെ എടത്വ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇവിടെനിന്ന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് വിട്ടിരുന്നു. വണ്ടാനം ആശുപത്രിയില്‍ എത്തിയ യുവതിയെ അഡ്മിറ്റ് ചെയ്യാനോ പ്രസവസംബന്ധ പ്രശ്നങ്ങള്‍ പരിഹരിക്കാനോ തയാറായില്ല. മതിയായ സൗകര്യമില്ലെന്ന് ചൂണ്ടിക്കാട്ടി ആശുപത്രി അധികൃതര്‍ തിരുവല്ല സ്വകാര്യ ആശുപത്രിയിലേക്ക് വിടുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.
സ്വകാര്യ ആശുപത്രിയിലെ പ്രസവെചലവ് വഹിക്കാന്‍ നിര്‍ധന കുടുംബത്തില്‍പെട്ട യുവതിയുടെ കുടുംബത്തിന് കഴിയാത്ത അവസ്ഥയിലാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ അഭയം തേടിയത്. സര്‍ക്കാര്‍ ആശുപത്രികള്‍ കൈയൊഴിഞ്ഞതോടെ ഗത്യന്തരമില്ലാതെ കുടുംബം സ്വകാര്യ ആശുപത്രിയില്‍ അഭയംതേടുകയായിരുന്നു.