കേരളം
തേക്കടിയിൽ വനംവകുപ്പ് ജീവനക്കാരനെ കാട്ടാന ആക്രമിച്ചു; പ്രഭാത സവാരി നിരോധിച്ചു
വനംവകുപ്പ് ജീവനക്കാരനെ കാട്ടാന ആക്രമിച്ചു. ഡിവിഷണൽ ഓഫീസിലെ ക്ലർക്ക് റോബി വർഗീസിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോട്ട് ലാൻഡിംഗിന് സമീപം ഇന്ന് രാവിലെയായിരുന്നു സംഭവം.
പ്രഭാത സവാരിക്കിറങ്ങിയപ്പോൾ കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. ഓടുന്നതിനിടയിൽ വീണു. ഇതിനിടയിൽ കാട്ടാനയുടെ ചവിട്ടേൽക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിൽ കാലൊടിഞ്ഞു. കൂടാതെ വാരിയെല്ലിനും ശ്വാസകോശത്തിനും പരിക്കുണ്ട്.
റോബിയെ ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കട്ടപ്പന നരിയംപാറ സ്വദേശിയാണ് റോബി വർഗീസ്. അതേസമയം, സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് പ്രഭാത സവാരിയും സൈക്കിൽ സവാരിയും നിരോധിച്ചു.