ദേശീയം
വാട്ട്‌സ്ആപ്പ് ഡൽഹി കോടതിയിൽ; നീക്കം പുതിയ ചട്ടങ്ങൾക്കെതിരെ
സമൂഹ മാധ്യമങ്ങളുടെ മേല്‍ നിയന്ത്രണം കൊണ്ടുവരുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പുതിയ ചട്ടങ്ങള്‍ക്കെതിരെ ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസേജിങ് ആപ്പ് ആയ വാട്ട്‌സ്ആപ്പ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.
സന്ദേശങ്ങള്‍ ആരാണ് ആദ്യം അയച്ചത് എന്നു നിര്‍ദേശിക്കുന്ന ചട്ടം ജനങ്ങളുടെ സ്വകാര്യതാ അവകാശത്തിന്റെ ലംഘനമാണെന്ന് വാട്ട്‌സ്ആപ്പ് ഹര്‍ജിയില്‍ പറയുന്നു. പുതിയ ചട്ടങ്ങള്‍ അംഗീകരിക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സമയപരിധി ഇന്നലെ അവസാനിച്ചിരിക്കെയാണ് വാട്ട്‌സ്ആപ്പ് ഹൈക്കോടതിയെ സമീപിച്ചത്.
സന്ദേശങ്ങള്‍ ആര് ആദ്യം അയച്ചു എന്നു രേഖപ്പെടുത്തുക എന്നതിനര്‍ഥം ഓരോ സന്ദേശത്തെയും നിരീക്ഷണത്തിലാക്കുക എന്നു തന്നെയാണെന്ന് വാട്ട്‌സ്ആപ്പ് പറയുന്നു. വാട്ട്‌സ്ആപ്പ് പിന്തുടരുന്ന എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ തകര്‍ക്കുന്നതാണ് കേന്ദ്ര നിര്‍ദേശം. അടിസ്ഥാനപരമായി അത് സ്വകാര്യതയുടെ ലംഘനവുമാണെന്ന് കമ്പനി പറയുന്നു.
പുതിയ ചട്ടങ്ങള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചകള്‍ തുടരുമെന്ന് വാട്ട്‌സ്ആപ്പ് അറിയിച്ചിട്ടുണ്ട്. പ്രശ്‌നത്തിന് പ്രായോഗികമായി എന്തു പരിഹാരം കാണാനാവും എന്ന് ചര്‍ച്ച ചെയ്യും. നിയമപരമായ വിഷയങ്ങളില്‍ ഓരോ കേസിലും കമ്പനിയുടെ കൈവശമുള്ള വിവരങ്ങള്‍ നല്‍കാന്‍ തയാറാണെന്നും വാട്ട്‌സ്ആപ്പ് അറിയിച്ചു.
ഈ വര്‍ഷം ആദ്യം പുറത്തിറക്കിയ ഐടി ചട്ടങ്ങളിലാണ്, സന്ദേശങ്ങള്‍ ആരാണ് ആദ്യം അയച്ചത് എന്നതിനു രേഖ വേണമെന്ന് നിര്‍ദേശിച്ചത്. ഇത് ചെയ്യാത്തപക്ഷം ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടിവരുമെന്നും ചട്ടത്തില്‍ നിര്‍ദേശിക്കുന്നുണ്ട്.