ദേശീയം
ഡ്രോണ്‍ ഉപയോഗിച്ച് ആയുധക്കടത്ത്; ജമ്മുകശ്മീരിലെ സാംബയില്‍ വന്‍ ആയുധശേഖരം പിടികൂടി
ജമ്മുകശ്മീരിലെ സാംബയില്‍ വന്‍ ആയുധ ശേഖരം പിടികൂടി. ഡ്രോണ്‍ ഉപയോഗിച്ചാണ് ആയുധങ്ങള്‍ എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. കശ്മീരിലേക്ക് ഭീകരര്‍ ഡ്രോണില്‍ ആയുധം എത്തിക്കുന്നുണ്ടെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.
ജമ്മു വിമാനത്താവളത്തിലെ ഡ്രോണ്‍ ആക്രമണത്തിന് മുന്‍പും ഭീകരര്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് പലതവണ കണ്ടെത്തിയിരുന്നു. അതിര്‍ത്തിക്കപ്പുറത്ത് നിന്നയച്ച നിരവധി ഡ്രോണുകള്‍ ഇതിനോടകം സുരക്ഷാസേന വെടിവെച്ചിട്ടുണ്ട്. 2019 ആഗസ്റ്റില്‍ പഞ്ചാബിലെ അമൃത്സറില്‍ ഹെക്‌സാകോപ്ടര്‍ ഡ്രോണ്‍ തകര്‍ന്ന നിലയില്‍ പൊലീസ് കണ്ടെത്തിയിരുന്നു.
തൊട്ടടുത്ത മാസം തരന്‍ താരനില്‍ പിടിയിലായ ഭീകരരില്‍ നിന്ന് ഡ്രോണുകളിലൂടെ ആയുധക്കടത്ത് നടക്കുന്നതായി വിവരം ലഭിച്ചു. തോക്കുകളും ഗ്രനേഡുകളും വയര്‍ലെസും, പണവും ഡ്രോണുകളിലൂടെ കടത്തിയെന്നതായിരുന്നു കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം കത്വയില്‍ ബിഎസ്ഫ് ഒരു ഡ്രോണ്‍ വെടിവെച്ചിട്ടു.
2020 സെപ്റ്റംബറില്‍ തന്നെ ജമ്മുവില്‍ ഡ്രോണ്‍ വഴി ആയുധം കടത്തിയ ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു. അഖ്‌നൂറില്‍ വച്ച് ഡ്രോണുകളിലൂടെ കടത്തിയ ആയുധങ്ങള്‍ കണ്ടെടുത്തു. പിടിക്കപ്പെടാന്‍ സാധ്യത കുറവാണെന്നതും വളരെ വേഗത്തില്‍ ആയുധങ്ങള്‍ കടത്താമെന്നതുമാണ് ഭീകരര്‍ ഡ്രോണുകളെ കാര്യമായി ഉപയോഗിക്കാന്‍ കാരണം.