ദേശീയം
യുദ്ധം അവസാനിക്കണമെങ്കില്‍ യുക്രൈന്‍ പോരാട്ടം നിര്‍ത്തണമെന്ന് പുടിന്‍
യുദ്ധം അവസാനിക്കണമെങ്കില്‍ യുക്രൈന്‍ പോരാട്ടം നിര്‍ത്തണമെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദമിര്‍ പുടിന്‍. റഷ്യയുടെ ആവശ്യങ്ങള്‍ യുക്രൈന്‍ അംഗീകരിക്കണമെന്നും തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗനുമായള്ള സംഭാഷണത്തില്‍ പുടിന്‍ ആവശ്യപ്പെട്ടു. കൃത്യമായ പദ്ധതിയോട് കൂടിയാണ് നിലവിലെ ഓപ്പറേഷന്‍ നടക്കുന്നത്.
യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് ചര്‍ച്ചകളോട് യുക്രൈന്‍ ക്രിയാത്മകമായി ഇടപെടുമെന്നാണ് കരുതുന്നതെന്നും ക്രെംലിന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അതേസമയം വിന്നിറ്റ്സ്യ നഗരത്തില്‍ റഷ്യ മിസൈലാക്രമണം നടത്തിയെന്ന് യുക്രൈന്‍ ആരോപിച്ചു. എട്ട് മിസൈലുകള്‍ നഗരത്തില്‍ പതിച്ചെന്നാണ് യുക്രൈന്‍ പറയുന്നത്. യുക്രൈന് മേല്‍ നോ ഫ്ലൈ സോണ്‍ ഉടന്‍ ഏര്‍പ്പെടുത്തണമെന്ന് സെലന്‍സ്കി ആവശ്യപ്പെട്ടു.
കീവ്: യുദ്ധത്തിന്‍റെ പതിനൊന്നാം നാളിൽ മരിയുപോള്‍ നഗരപരിധിയില്‍ ഒഴിപ്പിക്കലിനായി വീണ്ടും വെടിനിർത്തിൽ പ്രഖ്യാപിച്ച് റഷ്യ. ഇന്ത്യൻ സമയം രാത്രി 12.30 വരെ പതിനൊന്ന് മണിക്കൂർ നേരത്തേക്ക് ആക്രമണം നിർത്തിവയ്ക്കാനാണ് റഷ്യൻ സേനയും മരിയുപോൾ നഗര ഭരണകൂടവും തമ്മിൽ ധാരണയായിട്ടുള്ളത്. ഇതോടെ സാധാരണക്കാരെ ഒഴിപ്പിക്കാൻ ശ്രമം നടക്കുകയാണ്.
ഇന്ത്യൻ സമയം 3.30 മുതൽ ആളുകളെ ഒഴിപ്പിക്കൽ തുടങ്ങും. ബസുകളിലും കാറുകളിലുമൊക്കെയായി പരമാവധി പേരെ ഒഴിപ്പിക്കാനാണ് ശ്രമം. കാറിൽ പോകുന്നവർ കയറ്റാവുന്ന അത്രയും പേരെ കൂടെ കൊണ്ടുപോകണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. മരിയുപോളിൽ നിന്ന് ബിൽമാക് വഴി സപ്രോഷ്യയിലേക്കുള്ള പാതയിലൂടെയാണ് ഒഴിപ്പിക്കൽ. ഒരു വശത്ത് ഒഴിപ്പിക്കൽ തുടരുമ്പോഴും തന്ത്രപ്രധാന മേഖലകൾ തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയാണ് റഷ്യ.