ദേശീയം
വി ഐ പി വാക്സിനേഷന് കടിഞ്ഞാൺ; കർശന നിർദേശം

പഞ്ചനക്ഷത്ര ഹോട്ടലുകളിലെ താമസക്കാര്‍ക്ക് പാക്കേജായി കൊവിഡ് വാക്‌സിന്‍ നല്‍കുന്ന സ്വകാര്യ ആശുപത്രികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി.
സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ആരോഗ്യ വകുപ്പിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അയച്ച കത്തിലാണ് ഗൈഡ് ലൈന്‍ ലംഘിച്ച് വാക്‌സിന്‍ നല്‍കുന്ന ആശുപത്രികള്‍ക്കെതിരേ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
ഗൈഡ് ലൈന്‍ അനുസരിച്ച് സര്‍ക്കാര്‍ ആശുപത്രികള്‍, സ്വകാര്യആശുപത്രികള്‍, തൊഴിലിടങ്ങള്‍, പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വേണ്ടി വീടുകള്‍ക്കടുത്തെ കേന്ദ്രങ്ങള്‍, കമ്മ്യൂണിറ്റി സെന്ററുകള്‍, ഹൗസിങ് സൊസൈറ്റികള്‍, പഞ്ചായത്ത് ഓഫിസ്, സ്‌കൂള്‍, കോളജ്, വൃദ്ധസദനങ്ങള്‍ തുടങ്ങിയ കേന്ദ്രങ്ങളിലാണ് വാക്‌സിന്‍ നല്‍കാന്‍ അനുമതിയുളളത്, അതും താല്‍ക്കാലിക അടിസ്ഥാനത്തില്‍ മാത്രം.
ആശുപത്രികളുമായി സഹകരിച്ച് വൻകിട ഹോട്ടലുകള്‍ പ്രഭാത ഭക്ഷണം, ഡിന്നര്‍, കൊവിഡ് വാക്‌സിന്‍ എന്നിവ പാക്കേജായി നല്‍കുമെന്ന പരസ്യം പുറത്തുവന്ന സാഹചര്യത്തിലാണ് കേന്ദ്രം കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്‍നല്‍കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്.
സംസ്ഥാനങ്ങളും അവരുടെ കൊവിഡ് വാക്‌സിനേഷന്‍ പദ്ധതികള്‍ റദ്ദാക്കി. എന്നിട്ടും സ്വകാര്യ ആശുപത്രികള്‍ക്ക് എങ്ങനെയാണ് വാക്‌സിന്‍ ലഭിക്കുന്നതെന്ന് കഴിഞ്ഞ ദിവസം ഡല്‍ഹി ഉപമുഖ്യമന്ത്രി മനിഷ് സിസോദിയ ചോദിച്ചിരുന്നു. രാജ്യത്ത് ഇതുവരെ 21 കോടി പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയിട്ടുള്ളത്. ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനാണ് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി.