ദേശീയം
ചട്ടം ലംഘനം; അംബാനി കുടുംബത്തിന് 25 കോടി പിഴയിട്ട് സെബി
അംബാനിയുടെ കുടുംബത്തിന് 25 കോടി പിഴയിട്ട് സെക്യുരിറ്റി എക്‌സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ( സെബി). ഏറ്റെടുക്കല്‍ ചട്ടം ലംഘിച്ചതിനാണ് ഇപ്പോള്‍ സെബി പിഴയിട്ടിരിക്കുന്നത്. 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിഴ ചുമത്തിയിരിക്കുന്നത്. മുകേഷ് അംബാനി, അനില്‍ അംബാനി, നിത അംബാനി, ടിന അംബാനി, തുടങ്ങിയ 15 പേര്‍ക്കെതിരെയാണ് സെബിയുടെ നടപടി.
2000ലെ ഏറ്റെടുക്കല്‍ ചട്ടം ലംഘിച്ചെന്ന് ആരോപിച്ചാണ് പിഴ. 45 ദിവസത്തിനകം പിഴയടച്ചില്ലെങ്കില്‍ ആസ്തികള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികളിലേക്ക് കടക്കുമെന്ന് സെബി വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ സെബിയുടെ കണ്ടെത്തല്‍ ഇങ്ങനെ, മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് ഓപ്പണ്‍ ഓഫര്‍ നല്‍കുന്നതിന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് പ്രമോട്ടര്‍മാർ പരാജയപ്പെട്ടെന്ന് സെബി കണ്ടെത്തി.
1994ല്‍ പുറത്തിറക്കിയ നിക്ഷേപപത്രങ്ങള്‍ പരിവര്‍ത്തനം ചെയ്തതിനുശേഷം 2000ല്‍ റിലയന്‍സിന്റെ പ്രമോട്ടര്‍മാരുടെ ഓഹരി വിഹിതം 6.83 ശതമാനം വര്‍ധിച്ചെന്നും സെബി ആരോപിക്കുന്നു.
2000 വര്‍ഷത്തില്‍ നിലനിന്നിരുന്ന ഏറ്റെടുക്കല്‍ ചട്ടപ്രകാരം 15 മുതല്‍ 55 ശതമാനം വരെ ഓഹരികള്‍ കൈവശമുള്ളവരുടെ ഏറ്റെടുക്കല്‍ പരിധി വര്‍ഷത്തില്‍ അഞ്ച് ശതമാനം മാത്രമായിരുന്നു. അതില്‍ കൂടുതല്‍ ഏറ്റെടുക്കണമെങ്കില്‍ ഓപ്പണ്ഡ ഓഫര്‍ നിര്‍ബന്ധമായിരുന്നു. ഇക്കാര്യത്തില്‍ അംബാനി കുടുംബം നിയമലംഘനം നടത്തിയെന്നാണ് സെബി ചൂണ്ടിക്കാട്ടുന്നത്.