ദേശീയം
”എന്റെ വണ്ണം ഒരു ദേശീയ പ്രശ്നമായി മാറി” ; ബോഡി ഷെയിമിങ്ങിന് എതിരെ പ്രതികരിച്ച് വിദ്യാബാലൻ
ബോഡി ഷെയിമിങ്ങിന് വിധേയയായതിന്റെ ദുരനുഭവങ്ങൾ തുറന്ന് പറഞ്ഞ് ബോളിവുഡ് നടി വിദ്യാബാലൻ. ഒരുപാടു കാലം സ്വന്തം ശരീരത്തെ താൻ വെറുത്തിരുന്നുവെന്നും നടി വെളിപ്പെടുത്തി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേയാണ് നടിയുടെ തുറന്നു പറച്ചിൽ.
ചലച്ചിത്ര പാരമ്പര്യമില്ലാത്ത കുടുംബമാണ് എന്റേത്. ശരിയായ രീതിയിൽ കാര്യങ്ങൾ പറഞ്ഞു തരാൻ തനിക്ക് ആരും ഉണ്ടായിരുന്നില്ല. എന്റെ ശരീര വണ്ണം ഒരു ദേശീയ പ്രശ്നമായി മാറിയിരുന്നു. എപ്പോഴും ഒരു അമിത വണ്ണമുള്ള പെൺകുട്ടിയായിട്ടാണ് എല്ലാവരും എന്നെ കണ്ടിരുന്നത്
ജീവിതത്തിൽ ഉടനീളം എനിക്ക് ഹോർമോൺ പ്രശ്നങ്ങളുണ്ടായിരുന്നു. ദീർഘനാൾ എന്റെ സ്വന്തം ശരീരത്തെ ഞാൻ തന്നെ വെറുത്തു. ശരീരം എന്നെ വഞ്ചിച്ചു എന്നു വരെ ചിന്തിച്ചു. സമ്മർദ്ദങ്ങളിലായിരുന്ന നാളുകളിൽ എനിക്ക് ദേഷ്യം മാത്രമേ വരാറുള്ളൂ. കുറെ നാളുകൾ എടുത്തു ഈ മാനസിക പ്രശ്നങ്ങളിൽ നിന്നും കരകയറാൻ. സ്വന്തം ശരീരത്തെ സ്നേഹിച്ച് തുടങ്ങിയപ്പോൾ ജനങ്ങൾ എന്നെ അംഗീകരിച്ച് തുടങ്ങിയെന്നും വിദ്യ ബാലൻ പറഞ്ഞു. പരിനീതി എന്ന ചിത്രത്തിലൂടെ ബോളിവുഡിലെത്തിയ വിദ്യാബാലൻ രാജ്യത്തെ ഏറ്റവും മികച്ച നടിമാരിലൊരാളാണ്.