ദേശീയം
അപകടത്തിൽ പെട്ട ഹെലികോപ്റ്ററിന്റെ അവസാന ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ പരിശോധിക്കും
കൂനൂരിൽ ഹെലികോപ്റ്റർ അപകടം നടന്ന നഞ്ചപ്പസത്രത്തിൽ സംയുക്ത സേനാസംഘത്തിന്റെ പരിശോധന തുടരുന്നു. എയർ മാർഷൽ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം തുടർച്ചയായി നാലാം ദിവസമാണ് നഞ്ചപ്പ സത്രത്തിൽ പരിശോധന നടത്തുന്നത്. തകർന്ന ഹെലികോപ്ടറിന്റെ ഭാഗങ്ങൾ അപകട സ്ഥലത്തുനിന്നും കൊണ്ടുപോകാനുള്ള നടപടികളും തുടങ്ങി.
തമിഴ്നാട് പൊലീസ് സംഘവും ഹെലികോപ്ടർ അപകടത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കുകയാണ്. അപകടം നടന്ന വനമേഖലയിൽ സ്പെഷൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ച് വ്യാപക തിരച്ചിൽ തുടങ്ങിയെന്ന് നീലഗിരി എസ്പി അറിയിച്ചു. പ്രദേശത്തെ ഹൈട്രാൻസ്മിഷൻ ലൈനുകൾക്ക് തകരാർ സംഭവിച്ചോയെന്നും പ്രദേശത്തെ അന്നത്തെ കാലാവസ്ഥയെ കുറിച്ചും പൊലീസ് വിവരങ്ങൾ ശേഖരിച്ച് തുടങ്ങി.
അപകടത്തെകുറിച്ചറിയുന്ന കൂടുതൽ പേരിൽനിന്നും മൊഴിയെടുക്കുമെന്നും പൊലീസ് അറിയിച്ചു. ഹെലികോപ്റ്റർ അപകടത്തിൽപ്പെടുന്നതിനു തൊട്ട് മുൻപ് വീഡിയോ ചിത്രീകരിച്ച മൊബൈൽ പിടിച്ചെടുത്ത് കോയമ്പത്തൂരിലെ ലാബിലേക്ക് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
അതേ സമയം, ഹെലികോപ്റ്റർ ദുരന്തത്തിൽ ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങിന്റെ നില മാറ്റമില്ലാതെ തുടരുകയാണ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മർദത്തിൽ പെട്ടെന്ന് വ്യത്യാസം ഉണ്ടാകുന്നത് ആശങ്കയായിരിക്കുകയാണ്. ബംഗ്ലൂരുവിലെ വ്യോമസേന കമാൻഡ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം.