ദേശീയം
കൊവിഡ് പ്രതിരോധത്തിന് 150 കോടി മാറ്റി വെക്കാനൊരുങ്ങി വേദാന്ത ഗ്രൂപ്പ്
അതിവേഗം വ്യാപിക്കുന്ന കൊവിഡിന്റെ രണ്ടാം തരംഗത്തിനെതിരായ പോരാട്ടത്തില്‍ രാജ്യത്തെ പിന്തുണയ്ക്കുന്നതിന് 150 കോടി രൂപ നീക്കിവയ്ക്കുന്നതായി വേദാന്ത ഗ്രൂപ്പ് ചെയര്മാന് അനില്‍ അഗര്‍വാള്‍ . കഴിഞ്ഞ വര്‍ഷം വേദാന്ത ഗ്രൂപ്പ് ചെലവഴിച്ച 201 കോടി രൂപക്ക് പുറമെയാണിത്.
കൊവിഡിനെ അതിജീവിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന വിപുലമായ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന് രാജ്യത്തെ പത്ത് നഗരങ്ങളില്‍ ആയിരം ഐസിയു ബെഡുകള്‍ ഒരുക്കും.
സര്‍ക്കാര്‍ അംഗീകൃതവും പ്രധാനപ്പെട്ടതുമായ ആസ്പത്രികളോട് ചേര്‍ന്ന്, താല്‍ക്കാലികമായി ഒരുക്കുന്ന അത്യാധുനിക കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലായിരിക്കും തീവ്ര പരിചരണത്തിനായുള്ള ബെഡുകള്‍ സ്ഥാപിക്കുക.
നൂറ് കിടക്കകള്‍ വീതമുള്ള ഓരോ കേന്ദ്രങ്ങളും ശീതീകരിച്ചതും സമ്പൂര്‍ണ വൈദ്യുതി പിന്തുണയോടെ കൊവിഡ് പരിചരണത്തിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതുമായിരിക്കും. ഗുരുതര പരിചരണ സൗകര്യങ്ങളുള്ള 90 ബെഡുകള്‍ക്ക് ഓക്സിജന്‍ പിന്തുണയും ബാക്കിയുള്ളവയ്ക്ക് വെന്റിലേറ്റര്‍ പിന്തുണയും ഉണ്ടാവും.
രാജസ്ഥാന്, ഒഡീഷ, ഛത്തീസ്ഡ്, ജാര്‍ഖണ്ഡ്, ഗോവ, കര്‍ണാടക, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് അധിക ഐസിയു ബെഡുകള്‍ ഒരുക്കുക. 14 ദിവസത്തിനകം ആദ്യഘട്ട സൗകര്യങ്ങള്‍ ഒരുക്കും.30 ദിവസത്തിനകം ബാക്കി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. കുറഞ്ഞത് ആറ് മാസത്തേക്ക് ചികിത്സ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം തുടരും. നിലവില്‍ 700 ഐസിയു ബെഡുകള്‍ ഗ്രൂപ്പിന് കീഴില്‍ സജ്ജമാക്കിയിട്ടുണ്ട്.