Covid 19
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് പരിഗണനയിലെന്ന് കേന്ദ്രസർക്കാര്‍
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് പരിഗണിക്കുന്നതായി കേന്ദ്രസർക്കാര്‍ അറിയിച്ചു. ബൂസ്റ്റർ ഡോസ് നല്‍കുന്നതില്‍ വ്യക്തത വരുത്തണമെന്ന് സംസ്ഥാനങ്ങളും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജനുവരിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കികൊണ്ടാണ് രാജ്യത്ത് വാക്സിന്‍ വിതരണം ആരംഭിച്ചത്. ആറ് മാസം പിന്നിട്ട സാഹചര്യത്തില്‍ ബൂസ്റ്റർ ഡോസ് കൂടി നല്‍കുന്നതിലുള്ള ചർച്ചകളിലാണ് കേന്ദ്രസർക്കാര്‍. വാക്സിനെടുക്കുന്നതിലൂടെ എത്രനാള്‍ വരെ രോഗപ്രതിരോധ ശക്തി ലഭിക്കുമെന്ന് കൃത്യമായി പറയാനാകില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിലെ വിദഗ്ധസമിതിയുടെ അഭിപ്രായം.
എന്നാല്‍ എട്ട് മാസം വരെയെങ്കിലും രോഗപ്രതിരോധശക്തി ലഭിക്കുമെന്നാണ് ഇതുവരെയുള്ള തെളിവുകള്‍ വ്യക്തമാക്കുന്നത്. ഹരിയാന, ഛത്തീസ്ഗഡ് അടക്കമുള്ള സംസ്ഥാനങ്ങളും ആരോഗ്യപ്രവർത്തകര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഔദ്യോഗികമായി കത്ത് നല്‍കിയതായി ഹരിയാന അഡീഷണല്‍ ചീഫ് സെക്രട്ടറി സ്ഥിരീകരിച്ചു.