ദേശീയം
കുട്ടികള്‍ക്കുളള വാക്സിനേഷന്‍ വേഗത്തിലാക്കണം’; കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ച് ഡല്‍ഹി ഹൈക്കോടതി
കുട്ടികള്‍ക്കുളള വാക്സിനേഷന്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ടുള്ള പൊതു താൽപ്പര്യ ഹര്‍ജിയിന്മേല്‍ കേന്ദ്രസര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു. കുട്ടികളിലെ വാക്സിനേഷന്‍ വേഗത്തിലാക്കാനും വീട്ടില്‍ കുട്ടികളുള്ളവര്‍ക്ക് വാക്സിനേഷനില്‍ മുന്‍ഗണന നല്‍കാനും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.കുട്ടികളില്‍ പന്ത്രണ്ട് മുതല്‍ പതിനേഴ് വയസ് വരെയുളളവര്‍ക്ക് മുന്‍ഗണന നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
കുട്ടികളിലും കൊവിഡ് പ്രതിരോധ വാക്സിനേഷന് തയ്യാറെന്ന് ഫൈസര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതിനുള്ള അനുമതി വേഗത്തിലാക്കാനുള്ള അപേക്ഷ ഫൈസര്‍ നല്‍കിയിട്ടുണ്ട്.
അതേസമയം, രാജ്യത്ത് കുട്ടികളിലെ കൊവിഡ് വാക്സിന് ട്രയല്‍ ഉടന്‍ തുടങ്ങുമെന്ന് നീതി ആയോഗ് അംഗം ഡോ വിനോദ് കെ പോൾ ഇന്നലെ വ്യക്തമാക്കിയിരുന്നു. സോഷ്യൽ മീഡിയയിൽ വരുന്ന വ്യാജ പ്രചാരണങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ വാക്‌സിനേഷൻ തീരുമാനിക്കേണ്ടതില്ലെന്നും ചില രാഷ്ട്രീയക്കാർ ഇവിടെ രാഷ്ട്രീയം കളിക്കാൻ ആഗ്രഹിക്കുന്നുവെന്നും വിനോദ് പോൾ പറഞ്ഞിരുന്നു.
കൊവിഡിന്റെ മൂന്നാം തരംഗം ഏറ്റവും അധികം ബാധിക്കുക കുട്ടികളെയാവാം എന്ന രീതിയില്‍ ധാരാളം റിപ്പോർട്ടുകൾ വരുന്നുണ്ട് . കുട്ടികൾക്ക് കൊവിഡ് ബാധിച്ചാൽ രോഗലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല അല്ലെങ്കിൽ ചെറിയ ലക്ഷണങ്ങളെ പ്രകടമാകൂവെന്ന് നിതി ആയോഗ് അംഗം ഡോ. വി കെ പോൾ പറഞ്ഞിരുന്നു. കുട്ടികൾക്ക് പ്രതിരോധശേഷി ഉള്ളതിനാൽ വെെറസ് ബാധ ബാധിക്കാനുള്ള സാധ്യത കുറവാണ്.
എന്നാലും കൊവിഡിന്റെ മൂന്നാം തരംഗത്തിൽ രക്ഷിതാക്കൾ ആവശ്യമായ എല്ലാ മുൻകരുതലുകളും എടുക്കണമെന്നും കുട്ടികളിലെ രോഗലക്ഷണങ്ങൾ ശ്രദ്ധിക്കണമെന്നും ഡോ. വികെ പോൾ കൂട്ടിച്ചേർത്തു.
കൊവിഡ് മൂന്നാം തരംഗത്തിൽ വെെറസ് ബാധ കുട്ടികളെയാണ് ബാധിക്കുന്നതെന്ന് പറയപ്പെടുന്നു. എന്നാൽ ഇത് വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്ന് പീഡിയാട്രിക്സ് അസോസിയേഷൻ വ്യക്തമാക്കുന്നുണ്ട്. ഇത് കുട്ടികളെ ബാധിച്ചേക്കില്ല അതിനാൽ ആളുകൾ ഭയപ്പെടരുതെന്നും എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു.