Covid 19
75% ആളുകൾക്ക് ഒരു മാസത്തിനുള്ളിൽ ഒരു ഡോസ് വാക്സിൻ നൽകിയാല്‍ മരണം കുറയ്ക്കാം
ജനസംഖ്യയുടെ 75 ശതമാനത്തെ 30 ദിവസത്തിനുള്ളിൽ വാക്സിനേറ്റ് ചെയ്യാൻ സാധിച്ചാൽ കോവിഡ് മരണങ്ങൾ കുറയ്ക്കുമെന്ന് ഐസിഎംആർ പഠനം. രാജ്യത്ത് കോവിഡ് മൂന്നാം തരംഗ സാധ്യതയുമായി ബന്ധപ്പെട്ട ആശങ്കകൾക്കിടയിലാണ് ഐസിഎംആർ ഇത്തരമൊരു നിരീക്ഷണം നടത്തിയിരിക്കുന്നത്.
അടുത്തിടെ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ഐസിഎംആർ നടത്തിയ മോഡലിംഗ് പഠനത്തിലാണ് ഇക്കാര്യം പ്രതിപാദിച്ചിരിക്കുന്നത് . 30 ദിവസത്തിനുള്ളിൽ 75 ശതമാനം ജനങ്ങൾക്ക് ഒരു ഡോസ് വാക്സിനെങ്കിലും നൽകുന്നത് മരണനിരക്ക് 37 ശതമാനം വരെ കുറയ്ക്കുമെന്നായിരുന്നു പഠനം. രോഗലക്ഷണങ്ങളുള്ള അണുബാധകൾ 26 ശതമാനം കുറയ്ക്കുന്നതായും പഠനം കണ്ടെത്തി.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.5 കടക്കുകയാണെങ്കിൽ ആ പ്രദേശത്ത് ദ്രുത കർമ്മ വാക്സിനേഷൻ പദ്ധതി ആവിഷ്കരിക്കാമെന്ന് നിർദേശവും പഠനം മുന്നോട്ടുവെക്കുന്നുണ്ട്.
”ഈ പദ്ധതി അനുസരിച്ച്, ഏറ്റവും കൂടുതൽ പേർക്ക് സിംഗിൾ-ഡോസ് വാക്സിനേഷൻ സാധ്യമാക്കുക എന്നതിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. അപ്രകാരം 18 വയസോ അതിൽ കൂടുതലോ പ്രായമുള്ള 75 ശതമാനം ജനങ്ങൾക്കും ഒരൊറ്റ ഡോസ് വാക്സിൻ നൽകാൻ ഒരു മാസം എടുക്കും,” ഐസിഎംആറിന്റെ എപ്പിഡെമിയോളജി ആൻഡ് കമ്മ്യൂണിക്കബിൾ ഡിസീസ് വിഭാഗം മേധാവി ഡോ. സമീരൻ പാണ്ട പറഞ്ഞു.