കേരളം
ഉത്ര വധം: സൂരജ് അണലിയെ വാങ്ങിയത് അമ്മയും സഹോദരിയും അറിഞ്ഞ്
അഞ്ചലില്‍ ഉത്രയുടെ കൊലപാതകത്തില്‍ അറസ്‌റ്റിലായ ഭര്‍ത്താവ് അമ്മയ്‌ക്കും സഹോദരിക്കുമുള്ള പങ്ക് വ്യക്‌തമാക്കുന്ന തെളിവുകള്‍ പുറത്ത്.
നേരത്തേ അണലിയെ വാങ്ങിയതിന് ഇരുവരും സാക്ഷികളാണെന്നു സൂരജ് പോലീസിനോടു സമ്മതിച്ചു. കൊലപാതക വിവരം സൂരജിന്റെ സഹോദരി ഇന്റര്‍നെറ്റ് കോളിലൂടെ പുരുഷ സുഹൃത്തിനെ അറിയിച്ചെന്ന വിവരവും അന്വേഷണസംഘം പരിശോധിക്കും.
അണലിയെ ഫെബ്രുവരി 26-ന് പാമ്പുപിടിത്തക്കാരന്‍ സുരേഷ് എത്തിക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നെങ്കിലും ഉത്ര ഈ വിവരം അറിഞ്ഞിരുന്നില്ല. എലിയെ പിടിക്കാന്‍ പാമ്പിനെ കൊണ്ടുവന്നുവെന്നാണ് സൂരജ് അച്‌ഛന്‍ സുരേന്ദ്രനോടു പറഞ്ഞത്.
പാമ്പിന് പറഞ്ഞുറപ്പിച്ച തുക സുരേഷിനു കൈമാറി. പാമ്പിനെ അന്നുതന്നെ ചാക്കില്‍നിന്നു പുറത്തെടുത്ത് വീടിനുള്ളിലെ ചവിട്ടുപടിയിലിട്ടു. ഈ സമയം അമ്മയും സഹോദരിയും വീടിനു പുറത്തിറങ്ങി. കൊലപാതക ശ്രമത്തെക്കുറിച്ച് അറിഞ്ഞുകൊണ്ടായിരുന്നു ഇതെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.
തുടര്‍ന്ന് ഉത്രയോടു മുകളിലത്തെ നിലയില്‍നിന്ന് ഫോണ്‍ എടുത്തു കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. മുകള്‍നിലയിലേക്കു പോയ ഉത്ര പാമ്പിനെ കണ്ടതിനാല്‍ പദ്ധതി നടന്നില്ല. ഇതേ പാമ്പിനെ ചാക്കിലാക്കി സൂക്ഷിച്ചാണ് മാര്‍ച്ച് രണ്ടിന് ഉത്രയെ ആദ്യം കടിപ്പിച്ചത്. കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്ന മുറയ്‌ക്കു സൂരജിന്റെ അമ്മയെയും സഹോദരിയെയും കൊലപാതകക്കേസില്‍ പ്രതി ചേര്‍ക്കുമെന്നാണു സൂചന.