ദേശീയം
യുപിഐ സേവനം ഇന്ന് മുതൽ ശ്രീലങ്കയിലും മൗറീഷ്യസിലും
ഇന്ത്യയുടെ യുപിഐ സേവനങ്ങൾ ഇനി മുതൽ ശ്രീലങ്കയിലും മൗറീഷ്യസിലും ലഭ്യമാകും. വെർച്വൽ ചടങ്ങിലൂടെയാണ് ഇരുരാജ്യങ്ങളിലും യുപിഐ അവതരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രണ്ട് രാജ്യങ്ങളിലെയും ഭരണാധികാരികളും ചടങ്ങിന് സാക്ഷ്യം വഹിച്ചു. മോദിക്കൊപ്പം മൗറീഷ്യൻ പ്രധാനമന്ത്രി പ്രവിന്ദ് ജഗ്‌നൗത്തും ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെയും പങ്കെടുത്തു.
ശ്രീലങ്കയിൽ ഡിജിറ്റൽ ഇടപാടുകൾ നടത്തുന്നതിന് യുപിഐയെ ലങ്ക പേയുമായി (Lanka Pay) ബന്ധിപ്പിക്കും. മൗറീഷ്യസില്‍ യുപിഐ സേവനങ്ങള്‍ക്ക് പുറമെ റുപേ കാര്‍ഡ് സേവനങ്ങളും ലഭ്യമാകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ശ്രീലങ്കയുമായും മൗറീഷ്യസുമായും ഇന്ത്യയുടെ ഉഭയകക്ഷി, സാമ്പത്തിക ബന്ധങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ഇരു രാജ്യങ്ങളിലും യുപിഐ സേവനങ്ങൾ ഔദ്യോഗികമായി നിലവിൽ വരുന്നതോടെ ഇവിടെ താമസിക്കുന്ന ഇന്ത്യക്കാര്‍ക്കും, ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ക്കും ഈ സൗകര്യം പൂർണമായും ഉപയോഗപ്പെടുത്താൻ സാധിക്കും.
ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിന് ഫ്രാൻസിലും യുപിഐ സേവനം ആരംഭിച്ചിരുന്നു. എൻപിസിഐ ഇന്റർനാഷണൽ പേയ്മെന്റ് ലിമിറ്റഡ് ഫ്രഞ്ച് ഇ-കൊമേഴ്‌സ്, പ്രോക്‌സിമിറ്റി പേയ്‌മെൻ്റ് കമ്പനിയായ ലൈറയുമായി സഹകരിച്ചാണ് ഫ്രാൻസിൽ യുപിഐ ലഭ്യമാക്കിയത്. ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഫ്രാൻസിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച പരിപാടിയിലാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
2022 ഫെബ്രുവരിയിൽ സിംഗപ്പൂരിലും യുപിഐ ആരംഭിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂംഗും വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ഇതിന് തുടക്കം കുറിച്ചത്. ഇതുകൂടാതെ ഫോൺപേയും (PhonePe) ചില വിദേശരാജ്യങ്ങളിൽ തങ്ങളുടെ പേയ്‌മെൻ്റ് സംവിധാനം പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. യുഎഇ, സിംഗപ്പൂർ, മൗറീഷ്യസ്, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിൽ ക്യുആർ കോഡ് വഴി തങ്ങളുടെ സേവനം ഉപയോഗപ്പെടുത്താമെന്ന് ഫോൺ പേ അറിയിച്ചിരുന്നു.
380 മില്യണിലധികം ഉപയോക്താക്കളുള്ള, ഒരു പേയ്‌മെൻ്റ് രീതിയാണ് യുപിഐ. 2024 ജനുവരിയിൽ മാത്രം യുപിഐയിൽ 12.2 ബില്യൺ ഇടപാടുകളാണ് നടന്നിട്ടുള്ളത്. അമേരിക്ക, യൂറോപ്പ്, പശ്ചിമേഷ്യ, എന്നിവിടങ്ങളിലേക്ക് കൂടി യുപിഐ സേവനം വ്യാപിപ്പിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. അതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!