ദേശീയം
ഹാഥ്റസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമപ്രവര്ത്തകന് മേല്‍ രാജ്യദ്രോഹ കേസ്
ഹാഥ്റസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പോയ മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പനെതിരെ യുപി പൊലീസ് രാജ്യദ്രോഹ വകുപ്പ് ചുമത്തി. മതവിദ്വേഷം വളര്‍ത്തുന്ന നടപടികളെന്ന് ആരോപിച്ചാണ് കേസ് ചുമത്തിയിരിക്കുന്നത്.
കെയുഡബ്ല്യുജെയുടെ ദില്ലി ഘടകം സെക്രട്ടറി കൂടിയാണ് അറസ്റ്റിലായ സിദ്ദിഖ് കാപ്പന്. അഴിമുഖം എന്ന വാര്‍ത്താവെബ്സൈറ്റിന്റെ പ്രതിനിധിയാണ്. സിദ്ദിക്കിന്റെ മോചനം ആവശ്യപ്പെട്ട് കേരളാ പത്രപ്രവര്ത്തകയൂണിയന് സുപ്രീംകോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു. പുതിയ വകുപ്പുകള്‍ ചുമത്തിയത് സിദ്ദിഖിനെ ജാമ്യം കിട്ടാന്‍ ബുദ്ധിമുട്ടുണ്ടാക്കും.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്ന് ആരോപിച്ചാണ് സിദ്ദിഖ് കാപ്പനെ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തേ തേജസ്, തത്സമയം എന്നീ ദിനപത്രങ്ങളിലായിരുന്നു സിദ്ദിഖ് കാപ്പന് ജോലി ചെയ്തിരുന്നത്. ഹാഥ്റസ് സന്ദര്‍ശിക്കാന്‍ പോകുന്ന വഴിയ്ക്ക് സിദ്ദിഖിനൊപ്പം ഉണ്ടായിരുന്ന മറ്റ് മൂന്ന് പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മേഖലയില്‍ നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചു, സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് മഥുര പൊലീസ് ആദ്യം സിദ്ദിഖിനെതിരെ ചുമത്തിയിരുന്നത്. സിദ്ദിഖിനെ അറസ്റ്റിലായ ശേഷം ബന്ധപ്പെടാന്‍ പോലും സാധിക്കുന്നില്ലെന്ന്, കെയുഡബ്ല്യുജെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഇതേകാര്യം ചൂണ്ടിക്കാട്ടി, കെയുഡബ്ല്യുജെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നു. ജോലി നിര്‍വഹിക്കാന്‍ പോയ ഒരു മാധ്യമപ്രവര്‍ത്തകനെ റിപ്പോര്‍ട്ടിംഗിനിടെ അറസ്റ്റ് ചെയ്തത് പ്രതിഷേധാര്‍ഹമാണെന്നും, അടിയന്തരമായി സിദ്ദിഖിനെ വിട്ടയക്കണമെന്നും കെയുഡബ്ല്യുജെ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.