ദേശീയം
അനാവശ്യമായി സിടി- സ്‌കാന്‍ എടുക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും; മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍
കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് സിടി- സ്‌കാന്‍, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവ നിര്‍ണ്ണയിക്കാന്‍ ഉപയോഗിക്കുന്ന ബയോമാര്‍ക്കേഴ്‌സ് എന്നിവ ദുരുപയോഗം ചെയ്യുന്നതായി കേന്ദ്രസര്‍ക്കാര്‍. നേരിയ രോഗലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ സിടി-സ്‌കാന്‍ എടുക്കുന്ന പ്രവണത ഉയര്‍ന്നുവരികയാണ്. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാവുകയെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.
ഒരു സിടി സ്‌കാന്‍ 300 ചെസ്റ്റ് എക്‌സറേയ്ക്ക് തുല്യമാണ്. അതുകൊണ്ട് തന്നെ കൊവിഡ് ചികിത്സയുടെ ഭാഗമായി അനാവശ്യമായി സിടി- സ്‌കാന്‍ എടുക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് എയിംസ് ഡയറക്ടര്‍ ഡോ രണ്‍ദീപ് ഗുലേറിയ മുന്നറിയിപ്പ് നല്‍കി. സിടി- സ്‌കാന്‍ എടുക്കുന്നവര്‍ക്ക് അമിതമായി റേഡിയേഷന്‍ ഏല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടാണ് അനാവശ്യമായി സിടി- സ്‌കാന്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
രോഗമുക്തിയില്‍ അനുകൂല സൂചനകളാണ് ലഭിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. മെയ് രണ്ടിന് 78 ശതമാനമായിരുന്നു രോഗമുക്തി നിരക്ക്. മെയ് മൂന്നിന് ഇത് 82 ശതമാനമായി ഉയര്‍ന്നു. ഡല്‍ഹി ഉള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്ന സൂചനകളാണ് ലഭിക്കുന്നത്. രാജ്യത്ത് കൊവിഡ് മരണനിരക്ക് 1.10 ശതമാനം മാത്രമാണ്. പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ 18നും 44നും ഇടയില്‍ പ്രായമായവര്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിച്ചതായി കേന്ദ്രസര്‍ക്കാര്‍ മാധ്യമങ്ങളെ അറിയിച്ചു.