ദേശീയം
ഫോണ്‍ ചോര്‍ത്തല്‍ വിവാദം തള്ളി വീണ്ടും കേന്ദ്രസർക്കാർ; ഇന്ത്യന്‍ ജനാധിപത്യത്തെ അവഹേളിക്കാനുള്ള ശ്രമമെന്ന് ആരോപണം
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രം. റിപ്പോര്‍ട്ടുകള്‍ വാസ്തവ വിരുദ്ധമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയില്‍ പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തെ അവഹേളിക്കാനുള്ള നീക്കമാണ് നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനത്തിന് തൊട്ടുമുന്‍പ് റിപ്പോര്‍ട്ട് പുറത്തുവന്നത് യാദൃച്ഛികമല്ല.
റിപ്പോര്‍ട്ടുകള്‍ കെട്ടിച്ചമതച്ചതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യസഭയില്‍ മന്ത്രിയുടെ വിശദീകരണം പ്രതിപക്ഷം തടസ്സപ്പെടുത്തി. കഴിഞ്ഞദിവസം ലോക്സഭയില്‍ പറഞ്ഞ അതേ മറുപടി തന്നെയാണ് മന്ത്രി രാജ്യസഭയിലും ആവര്‍ത്തിച്ചത്. പെഗാസസ്, കാര്‍ഷിക നിയമങ്ങള്‍ എന്നിവ ഉയര്‍ത്തിയുള്ള പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്നും സംഘര്‍ഷഭരിതമായിരുന്നു.
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞപ്പോള്‍, ലോക്സഭ നാലു മണിവരെ നിര്‍ത്തിവച്ചു. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഓക്സിജന്‍ കിട്ടാതെ രാജ്യത്ത് ആരും മരിച്ചിട്ടില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിന് എതിരെയും പ്രതിപക്ഷം പ്രതിഷേധം നടത്തി. നടുത്തളത്തിലിറങ്ങിയുള്ള പ്രതിഷേധം കാരണം ഇരു സഭകളും രണ്ടുതവണ നിര്‍ത്തിവച്ചിരുന്നു.
എന്നാല്‍ വീണ്ടും ചേര്‍ന്നപ്പോഴും പ്രതിഷേധം തുടര്‍ന്നു. ഇതേത്തുടര്‍ന്നാണ് രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞത്. കോണ്‍ഗ്രസ്, അകാലിദള്‍ അംഗങ്ങള്‍ കര്‍ഷക സമരവും കോവിഡ് പ്രതിസന്ധിയും ഉയര്‍ത്തി രംഗത്തുവന്നപ്പോള്‍, തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ പെഗാസസ് വിഷയം ഉയര്‍ത്തി പ്രതിഷേധിച്ചു.