ദേശീയം
വരും മാസങ്ങളില്‍ കൂടി സൗജന്യ ഭക്ഷ്യധാന്യം നല്‍കാന്‍ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വരും മാസങ്ങളില്‍ കൂടി സൗജന്യഭക്ഷ്യധാന്യം നല്‍കാന്‍ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം നവംബര്‍ വരെയുള്ള അഞ്ചുമാസ കാലയളവില്‍ കൂടി സൗജന്യഭക്ഷ്യധാന്യം നല്‍കുന്നതിനാണ് അംഗീകാരം നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
81 കോടി ജനങ്ങള്‍ക്കാണ് ഇത് പ്രയോജനം ചെയ്യുക. പ്രതിമാസം ഒരാള്‍ക്ക് അഞ്ചുകിലോ ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുന്നതാണ് പദ്ധതി. ദേശീയ ഭക്ഷ്യസുരക്ഷാനിയമത്തിന്റെ പരിധിയില്‍ വരുന്ന ഗുണഭോക്താക്കള്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. ഭക്ഷ്യസബ്‌സിഡി ഇനത്തില്‍ 64000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ആഴ്ചകള്‍ക്ക് മുന്‍പ് എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമാക്കി പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് സൗജന്യഭക്ഷ്യധാന്യം നവംബര്‍ വരെ നീട്ടിയതായി അറിയിച്ചത്. ഇതിന്റെ മുഴുവന്‍ ചെലവും കേന്ദ്രമാണ് വഹിക്കുന്നത്. വിതരണത്തിന് മാത്രമായി 3000 കോടിയിലധികം രൂപയാണ് പ്രതീക്ഷിക്കുന്നത്.