ദേശീയം
ഇന്ത്യൻ വാക്സിൻ ലോകത്തെ ഏറ്റവും മികച്ച ‘ സ്വത്ത് ‘; ഇന്ത്യയെ പ്രശംസിച്ച് യുഎന്‍ മേധാവി
ഇന്ത്യയുടെ വാക്‌സിന്‍ ഉല്‍പാദന ശേഷിയെ ലോകത്തിന് ഇന്നത്തെ ഏറ്റവും മികച്ച സ്വത്തായി വിശേഷിപ്പിച്ചിരിക്കുകയാണ് ഐക്യരാഷ്ട്ര സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ഇന്ത്യയുടെ വാക്‌സിന്‍ ഉല്‍പാദന ശേഷിയെ പ്രകീർത്തിച്ച അന്റോണിയോ ഗുട്ടെറസ് ആഗോള വാക്‌സിനേഷന്‍ പ്രചാരണത്തില്‍ ഇന്ത്യ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും പ്രശംസിച്ചു.
വാക്സിനുകളുടെ ഉത്പാദനം ഇന്ത്യയില്‍ വളരെ ഉയര്‍ന്ന തലത്തിലാണെന്ന് തനിക്കറിയാം. അതിനായി ഞങ്ങള്‍ ഇന്ത്യന്‍ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. വാക്‌സിന്‍ നിര്‍മാണത്തിന് ആവശ്യമായി എല്ലാ സഹകരണവും യുഎന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ആഗോള പ്രതിരോധ കുത്തിവയ്പ്പ് ക്യാംപെയ്ന്‍ സാധ്യമാണെന്ന് ഉറപ്പുവരുത്തുന്നതില്‍ ഇന്ത്യക്ക് പ്രധാന പങ്ക് വഹിക്കാനുണ്ട്. ‘ ലോകത്തിന്റെ ഇന്നത്തെ ഏറ്റവും മികച്ച സ്വത്താണ് ഇന്ത്യയുടെ ഉല്‍പാദന ശേഷി എന്ന് ഞാന്‍ കരുതുന്നു. അത് പൂര്‍ണ്ണമായും ഉപയോഗിക്കണമെന്ന് ലോകം മനസ്സിലാക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
55 ലക്ഷത്തിലധികം കൊറോണ വൈറസ് വാക്‌സിന്‍ വിവിധ രാജ്യങ്ങള്‍ക്ക് ഇന്ത്യ നല്‍കിയതിനു പിന്നാലെയാണ് യുഎന്‍ മേധാവിയുടെ പ്രസ്താവന. 2021 ജനുവരി 21 മുതൽ 55 ലക്ഷം ഡോസ് വാക്സിനാണ് അയൽരാജ്യങ്ങൾക്ക് ഇന്ത്യ സമ്മാനിച്ചിട്ടുളളത്.
അതേസമയം, ഒമാന്‍, കരീബിയന്‍ രാജ്യങ്ങള്‍, നിക്കരാഗ്വ, പസഫിക് ദ്വീപ് സംസ്ഥാനങ്ങള്‍ക്ക് വാക്സിനേഷന്‍ ഡോസുകള്‍ സമ്മാനമായി നല്‍കാന്‍ ഇന്ത്യ പദ്ധതിയിടുന്നതായി വിദേശകാര്യ മന്ത്രാലയം (ഇഎഎം) വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി. ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ ലഭ്യമാക്കാന്‍ പല രാജ്യങ്ങളിലും താല്‍പ്പര്യമുണ്ട്. പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ അന്താരാഷ്ട്ര സഹകരണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
1.5 ലക്ഷം ഡോസുകൾ ഭൂട്ടാനും, മാലദ്വീപ്,മൗറീഷ്യസ്, ബെഹ്റിൻ എന്നീ രാജ്യങ്ങൾക്ക് ഒരുലക്ഷം വീതവും 10 ലക്ഷം ഡോസുകൾ നേപ്പാളിനും 20 ലക്ഷം ബംഗ്ലാദേശിനും 15 ലക്ഷം മ്യാന്മറിനും 50,000 ഡോസുകൾ സീഷെൽസിനും 5 ലക്ഷം ഡോസുകൾ ശ്രീലങ്കയ്ക്കും ഇന്ത്യ നൽകിയിരുന്നു.
ഒമാൻ, പസഫിക് ദ്വീപ് സ്റ്റേറ്റുകൾ, കരീബിയൻ കമ്യൂണിറ്റി രാജ്യങ്ങൾ തുടങ്ങിയക്ക് വാക്സിൻ സമ്മാനിക്കുന്നത് സംബന്ധിച്ചും തീരുമാനമെടുത്തിട്ടുളളതായി വിദേശ കാര്യമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ വാക്സിനുകൾക്കായി നിരവധി രാജ്യങ്ങൾ താല്പര്യം പ്രകടിപ്പിച്ചിട്ടുളളതായും അദ്ദേഹം വ്യക്തമാക്കി.
അയൽരാജ്യങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകിയതിന് പുറമേ ബ്രസീൽ, മൊറോക്കോ എന്നീ രാജ്യങ്ങളിലേക്ക് വിപണനാടിസ്ഥാനത്തിൽ ഇന്ത്യ വാക്സിൻ കയറ്റുമതി ചെയ്തിരുന്നു. സൗദി അറേബ്, ദക്ഷിണാഫ്രിക്ക, കാനഡ എന്നീ രാജ്യങ്ങളിലേക്കും വിപണനാടിസ്ഥാനത്തിൽ വാക്സിനുകൾ ഉടൻ കയറ്റുമതി ചെയ്യും.
അതേസമയം അഞ്ചു ലക്ഷം കൊറോണ വാക്‌സിന്‍ സൗജന്യമായി നല്‍കിയ ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി പറഞ്ഞ് ശ്രീലങ്കന്‍ പ്രസിഡന്റ് ഗോദാഭയ രജപക്ഷെയും രംഗത്ത് വന്നിരുന്നു. ‘ഇന്ത്യയിലെ ജനങ്ങള്‍ അയച്ച അഞ്ച് ലക്ഷം കൊവിഡ് വാക്‌സിന്‍ കൈപ്പറ്റി. ശ്രീലങ്കയിലെ ജനങ്ങളോട് ഉദാരത കാണിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും നന്ദി.’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
വാക്‌സിന്‍ മൈത്രിയുടെ ഭാഗമായി അയച്ച കൊവിഷീല്‍ഡ് വാക്‌സിന്‍ ഇന്നലെയാണ് കൊളംബോയില്‍ എത്തിയത്. 2020 സെപ്തംബറില്‍ ലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്ഷെയുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന ഉച്ചകോടിയില്‍ കൊറോണക്കെതിരായ പോരാട്ടത്തില്‍ എല്ലാ സഹായങ്ങളും മോദി വാഗ്ദാനം ചെയ്തിരുന്നു. ആ വാഗ്ദാനം ഇപ്പോള്‍ പാലിച്ചിരിക്കുകയാണ്.