ദേശീയം
ഒരു കോടി കുടുംബങ്ങള്‍ക്കു കൂടി സൗജന്യ ഗ്യാസ് കണക്ഷന്‍; ഉജ്ജ്വല രണ്ടാം പതിപ്പിന് തുടക്കമിട്ട് പ്രധാനമന്ത്രി
![modi 11](https://citizenkerala.com/wp-content/uploads/2021/07/modi-11.jpg)
ഒരു കോടി കുടുംബങ്ങള്‍ക്ക് കൂടി സൗജന്യ പാചകവാതക കണക്ഷന്‍ നല്‍കുന്ന പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ രണ്ടാം പതിപ്പിന് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ടു. ബിപിഎല്‍ കുടുംബങ്ങളിലെ സ്ത്രീകളുടെ പേരില്‍ പാചകവാതക കണക്ഷന്‍ നല്‍കുന്നതാണ് ഉജ്ജ്വല പദ്ധതി. നിലവില്‍ എട്ടുകോടി ഗുണഭോക്താക്കളാണ് പദ്ധതിയുടെ ഭാഗമായിട്ടുള്ളത്. കൂടുതല്‍ ആനുകൂല്യങ്ങളോടെ ഈ സാമ്പത്തിക വര്‍ഷം ഒരു കോടി ഗുണഭോക്താക്കളെ കൂടി പദ്ധതിയുടെ ഭാഗമാക്കുകയാണ് ലക്ഷ്യം.
ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രധാനമന്ത്രി രണ്ടാം പതിപ്പ് ഉദ്ഘാടനം ചെയ്തത്. തുടക്കത്തില്‍ ഉള്‍പ്പെടാതിരുന്നവരെയാണ് രണ്ടാം പതിപ്പില്‍ അംഗങ്ങളാക്കുക. 2016ലാണ് ഉജ്ജ്വല പദ്ധതിക്ക് തുടക്കം കുറിച്ചത്. രണ്ടു ഘട്ടങ്ങളിലായി എട്ടു കോടി ഗുണഭോക്താക്കളാണ് പദ്ധതിയില്‍ അംഗങ്ങളായത്.
രണ്ടാം പതിപ്പില്‍ ഈ സാമ്പത്തിക വര്‍ഷം ഒരു കോടി ഗുണഭോക്താക്കളെ കൂടി പദ്ധതിയുടെ ഭാഗമാക്കുകയാണ് ലക്ഷ്യം. സൗജന്യ പാചകവാതക കണക്ഷന് പുറമേ സൗജന്യമായി റീഫിലും സ്റ്റൗവും അനുവദിക്കും. 800 രൂപയുടെ റീഫിലാണ് സൗജന്യമാക്കുന്നത്. ഇതിന് പുറമേ സൗജന്യമായി സ്റ്റൗവും നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി. നേരത്തെ പാചകവാതക കണക്ഷന് വേണ്ട 1600 രൂപയുടെ ഡെപ്പോസിറ്റാണ് സൗജന്യമായി അനുവദിച്ചിരുന്നത്.
ഓഫ്‌ലൈനായും ഓണ്‍ലൈനായും പദ്ധതിയില്‍ ചേരാം. ഓണ്‍ലൈനായി അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ pmujjwalayojana.com എന്ന സൈറ്റില്‍ കയറി അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം തൊട്ടടുത്തുള്ള എല്‍പിജി സെന്ററില്‍ നല്‍കണം. ഓഫ്‌ലൈനായി അപേക്ഷിക്കുന്നവര്‍ എല്‍പിജി വിതരണ ഏജന്‍സിയില്‍ എത്തി ഫോം പൂരിപ്പിച്ച് നല്‍കിയാല്‍ മതി.
ബിപിഎല്‍ കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ സാധിക്കൂ. സ്ത്രീകള്‍ക്ക് 18 വയസിന് മുകളില്‍ പ്രായമുണ്ടായിരിക്കണം. ബിപിഎല്‍ റേഷന്‍ കാര്‍ഡ് ഉള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ സാധിക്കുക. കുടുംബത്തിലെ മറ്റുള്ളവരുടെ പേരില്‍ എല്‍പിജി കണക്ഷന്‍ ഉണ്ടാവാന്‍ പാടില്ല. എന്നാല്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് ആനുകൂല്യം ലഭിക്കാന്‍ റേഷന്‍ കാര്‍ഡിന്റേയോ തിരിച്ചറിയല്‍ രേഖയുടെയോ ആവശ്യമില്ല. സ്വയം സാക്ഷ്യപ്പെടുത്തിയ രേഖ നല്‍കിയാല്‍ മതി.