കേരളം
കേരളത്തില്‍ യു.ഡി.എഫിന് നേരിയ ഭൂരിപക്ഷം ലഭിക്കുമെന്ന് ഹൈക്കമാന്‍ഡ് സര്‍വേഫലം
നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫിന് നേരിയ ഭൂരിപക്ഷം ലഭിക്കുമെന്ന് ഹൈക്കമാന്‍ഡ് സര്‍വേഫലം. 73 സീറ്റുകള്‍ വരെ നേടി മുന്നണി അധികാരത്തിലെത്തുമെന്നാണ് സര്‍വേഫലം. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഏല്‍പ്പിച്ച സ്വകാര്യ ഏജന്‍സിയുടെ സര്‍വേ റിപ്പോര്‍ട്ടിലാണ് കേരളത്തില്‍ നേരിയ ഭൂരിപക്ഷം പ്രവചിക്കുന്നത്.
സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും സ്വകാര്യ ഏജന്‍സി നടത്തിയ സര്‍വേയുടെ ഫലം കഴിഞ്ഞ ദിവസമാണ് ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചത്. മുന്നണി 73 സീറ്റുകള്‍ വരെ നേടുമ്പോള്‍ കോണ്‍ഗ്രസ് തനിച്ച് 45 മുതല്‍ 50 സീറ്റുകള്‍ നേടിയേക്കുമെന്നും സര്‍വേയില്‍ പറയുന്നു. മധ്യകേരളത്തില്‍ മുന്നണി നേട്ടമുണ്ടാക്കുമെന്നും സര്‍വേ സൂചിപ്പിക്കുന്നു.
കേരളത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യമാണെന്നും പിഎസ്.സി നിയമന വിവാദം, മത്സ്യബന്ധന വിവാദം തുടങ്ങിയ വിഷയങ്ങളെല്ലാം പാര്‍ട്ടിക്ക് ഗുണം ചെയ്തുവെന്ന വിലയിരുത്തലും സര്‍വേയിലുണ്ട്. രാഹുലും പ്രിയങ്കയും പ്രചാരണ രംഗത്ത് സജീവമായാല്‍ കേരളത്തില്‍ ഭരണം പിടിക്കാന്‍ എളുപ്പമാകുമെന്നും സര്‍വേയില്‍ പറയുന്നു.
ഓരോ മണ്ഡലങ്ങളിലും ജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട സര്‍വേയും പൂര്‍ത്തിയായിട്ടുണ്ട്. ഈ റിപ്പോര്‍ട്ടും സ്വകാര്യ ഏജന്‍സി ഉടന്‍ ഹൈക്കമാന്‍ഡിന് നല്‍കിയേക്കും. ഇതുകൂടി പരിഗണിച്ചായിരിക്കും കോണ്‍ഗ്രസിന്റെ അന്തിമ സ്ഥാനാര്‍ഥി പട്ടിക ഹൈക്കമാന്‍ഡ് നിശ്ചയിക്കുക.