കേരളം
‘ഇരുചക്ര വാഹനങ്ങളുടെ അപകടനിരക്ക് ഉയരുന്നു, വേഗപരിധി കുറച്ച് കൊണ്ട് അപകടങ്ങൾ കുറയ്ക്കുകയാണ് ലക്ഷ്യം’; മന്ത്രി ആന്റണി രാജു
ഇരുചക്ര വാഹനങ്ങളുടെ അപകട നിരക്ക് ഉയരുന്നതിനാലാണ് വേഗപരിധി കുറച്ചതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. വേഗപരിധി വർദ്ധിപ്പിക്കണമെന്നത് നേരത്തെയുള്ള ആവശ്യമായിരുന്നു. റോഡുകളിൽ വേഗപരിധി ബോർഡ് പ്രദർശിപ്പിക്കുമെന്നും ഇതിന്റെ യോഗം അടുത്തയാഴ്ച ചേരുമെന്നും മന്ത്രി പറഞ്ഞു. വേഗപരിധി കുറച്ച് കൊണ്ട് അപകടങ്ങൾ കുറയ്ക്കുകയാണ് ലക്ഷ്യം. ദേശീയ വിജ്ഞാപനത്തോട് ചേർന്നുനിൽക്കുന്ന തീരുമാനമാണ്. ഭേദഗതി വരുത്തണമെന്ന് തോന്നിയാൽ മാത്രം മാറ്റം വരുത്തും. റോഡുകളിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതെല്ലാം പരിശോധിച്ച് തന്നെയാണ് തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ബസ് ഉൾപ്പെടെ ഹെവി വാഹനങ്ങൾക്കും കാറിനും വേഗപരിധി ഉയർത്തിയിട്ടുണ്ട്. എന്നാൽ ഇരു ചക്രവാഹനങ്ങളുടേത് 70 കിലോ മീറ്ററിൽ നിന്ന് 60 ആയി കുറച്ചു. ഈ വേഗപരിധി ജൂലായ് ഒന്നു മുതൽ നിലവിൽവരുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
മുച്ചക്ര വാഹനങ്ങളുടെയും സ്കൂൾ ബസുകളുടെയും പരമാവധി വേഗപരിധി 50 കിലോമീറ്ററായി തുടരും. എ ഐ ക്യാമറകൾ പ്രവർത്തന സജ്ജമായതോടെയാണ് വേഗപരിധി പുതുക്കിയത്. 2014ൽ നിശ്ചയിച്ച വേഗപരിധിയാണ് സംസ്ഥാനത്ത് നിലവിൽ. ഇതിന് ശേഷം കേന്ദ്രം വേഗപരിധി ഉയർത്തിയിരുന്നു. സംസ്ഥാനത്ത് ആറുവരി ദേശീയപാതകളുടെ വേഗം നിശ്ചയിച്ചിരുന്നില്ല. അതും ഉൾക്കൊള്ളിച്ചിട്ടുണ്ട്.