ദേശീയം
ഉപരാഷ്ട്രപതിയുടെ വ്യക്തിഗത അക്കൗണ്ടിലെ ബ്ലൂടിക്ക് പുനസ്ഥാപിച്ച് ട്വിറ്റർ
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടിലെ ബ്ലൂടിക്ക് പുനസ്ഥാപിച്ച് ട്വിറ്റർ. ഉപരാഷ്ട്രപതിയുടെ അക്കൗണ്ടിലെ വെരിഫിക്കേഷൻ അടയാളമായ ബ്ലൂടിക്ക് നീക്കം ചെയ്തത് വാർത്തയായിരുന്നു.
അതേ സമയം ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക അക്കൗണ്ടിൽ ബ്ലൂ ടിക്ക് പിൻവലിച്ചിരുന്നില്ല.
ട്വിറ്ററിന്റെ മാനദണ്ഡമനുസരിച്ച് ഒരു അക്കൗണ്ട് ആധികാരികമാണെന്നതിന്റെ അടയാളമാണ് ബ്ലൂ ടിക്ക്. ബ്ലൂ ബാഡ്ജ് സ്വീകരിക്കുന്നതിന്, അക്കൗണ്ട് ആധികാരികവും ശ്രദ്ധേയവും സജീവവുമായിരിക്കണം.
ഐഡി സ്ഥിരീകരിക്കുന്നതിലൂടെ ഉപയോക്താക്കൾക്കിടയിലുള്ള വിശ്വാസ്യത വർധിപ്പിക്കുക എന്നതാണ് ലക്ഷ്യം. വെങ്കയ്യ നായിഡുവിന്റെ സ്വകാര്യ അക്കൗണ്ട് ആറുമാസമായി പ്രവർത്തനരഹിതമായിരുന്നു, അതുകൊണ്ടാണ് ബ്ലൂ ബാഡ്ജ് നഷ്ടമായതെന്നായിരുന്നു വിശദീകരണം.
അതേസമയം, ഉപരാഷ്ട്രപതിയുടെ ട്വിറ്റർ ഹാൻഡിൽ നിന്ന് നീല ബാഡ്ജ് നീക്കം ചെയ്തതിനെ ചോദ്യം ചെയ്ത് ബിജെപി രംഗത്തെത്തിയിരുന്നു. ഇന്ത്യൻ ഭരണഘടനയ്‌ക്കെതിരായ ആക്രമണം എന്നാണ് ബിജെപി സംഭവത്തെ വിശേഷിപ്പിച്ചത്. ഐടി നിയമങ്ങളെ ചൊല്ലി കേന്ദ്രവും ട്വിറ്ററും തമ്മിൽ തർക്കം നിലനിൽക്കേയായിരുന്നു ട്വിറ്ററിന്റെ നടപടി.