Covid 19
‘ഓക്‌സിജന്‍ ദുരന്തം’ ; ഡല്‍ഹിയില്‍ പ്രാണവായുവില്ലാതെ 20 പേര്‍ മരിച്ചു
കോവിഡിന്റെ രണ്ടാം തരംഗം ശക്തമാവുന്നതിനിടെ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായ ഡല്‍ഹിയില്‍ വീണ്ടും പ്രാണവായു കിട്ടാതെ ദുരന്തം. ഇന്നലെ രാത്രി ഓക്‌സിജന്റെ കുറവു മൂലം ഇരുപതു രോഗികള്‍ മരിച്ചതായി ജയ്പുര്‍ ഗോള്‍ഡന്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം ഗംഗാറാം ആശുപത്രിയില്‍ ഉണ്ടായ ദുരന്തത്തിനു ശേഷം അധികൃതര്‍ ജാഗ്രത തുടരുന്നതിനിടെയാണ്, നടുക്കുന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ഇരുപതു പേര്‍ മരിച്ചതായും ഇരുന്നൂറു പേരുടെ ജീവന്‍ അപകടത്തിലാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. അരമണിക്കൂര്‍ നേരത്തേക്കു മാത്രമാണ് ഓക്‌സിജന്‍ ശേഷിക്കുന്നതെന്നും ഗോള്‍ഡന്‍ ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഡൽഹി ഗംഗാറാം ആശുപത്രിയിലും ഇന്നലെ സമാന സംഭവം ഉണ്ടായിരുന്നു 25 രോഗികളാണ് ഇന്നലെ അവിടെ ഓക്സിജൻ കിട്ടാതെ മരിച്ചത്. ഹൈക്കോടതിയും സുപ്രീംകോടതിയും ഇടപെട്ടിട്ട് പോലും ഗുരുതരമായ സാഹചര്യമാണ് ഇനിയും ഡൽഹിയിൽ നില നിൽക്കുന്നത്. ബത്ര ആശുപത്രിയിൽ ഉൾപ്പെടെ ഓക്സിജൻ ക്ഷാമം നേരിടുന്നുണ്ട്. പല ആശുപത്രികളേയും പുതിയ രോഗികളെ എടുക്കാൻ പോലും തയ്യാറാകുന്നില്ല എന്നതും ഡൽഹിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
രാജ്യത്തെ കൊവിഡ് സാഹചര്യം അതീവ ഗുരുതരാവസ്ഥയിലേക്ക്. ഇന്ന് പ്രതിദിന രോഗികളുടെ എണ്ണം മൂന്നരലക്ഷത്തിനടുത്താണ്. തുടർച്ചയായ മൂന്ന് ദിവസം രണ്ടായിരത്തിന് മുകളിലാണ് മരണസംഖ്യ. ഔദ്യോഗിക കണക്കുകളനുസരിച്ച് 24 മണിക്കൂറിനിടെ 3,46,786 പേർ രോഗബാധിതരായി. 2624 മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.