ദേശീയം
റെഡ് ലിസ്റ്റിൽ കുടുങ്ങി ആയിരങ്ങൾ; ബ്രിട്ടനിലേക്കുള്ള യാത്ര വിലക്ക് വ്യഴാഴ്ച മുതൽ
ഇന്ത്യയിൽനിന്നും ബ്രിട്ടനിലേക്കുള്ള യാത്ര വിലക്ക് വ്യഴാഴ്ച മുതൽ പ്രാബല്യത്തിൽ,വിലക്ക് പ്രാബല്യത്തിലെത്തും മുൻപ് ബ്രിട്ടനിലെത്താനുള്ള ശ്രമത്തിലാണ് മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിനു പേർ.
ബ്രിട്ടീഷ് പൗരത്വമുള്ളവരും ദീർഘകാല റിസിഡന്റ് പെർമിറ്റ് ഉള്ളവരുമൊക്കെയായി ആയിരക്കണക്കിന് ആളുകളാണ് ബ്രിട്ടനിലേക്ക് മടങ്ങാനാകാതെ നാട്ടിൽ കുടുങ്ങിയിരിക്കുന്നത്.
ഇന്ത്യയെ റെഡ് ലിസ്റ്റിലാക്കി പ്രഖ്യാപനം വന്നയുടൻ ബ്രിട്ടനിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു. വൻ തിരക്ക് പരിഗണിച്ച് അധിക വിമാന സർവീസിന് അനുമതി വേണമെന്ന വിമാനക്കമ്പനികളുടെ ആവശ്യം ഹീത്രൂ വിമാനത്താവള അധികൃതർ നിഷേധിച്ചു.
യൂണിവേഴ്സിറ്റി കോഴ്സുകളിലേക്ക് പുതുതായി അഡ്മിഷനെടുത്ത വിദ്യാർത്ഥികളും, വർക്ക് പെർമിറ്റ് വീസ ലഭിച്ച് ബ്രിട്ടനിലേക്ക് പറക്കാൻ കാത്തിരുന്ന മലയാളി നഴ്സുമാർ അടക്കമുള്ള ഉദ്യോഗാർത്ഥികളും, ബ്രിട്ടനിലെ രോഗവ്യാപനം ഭയന്ന് ഏതാനും ആഴ്ചമുമ്പ് നാട്ടിലേക്ക് പറന്നവരുമൊക്കെയാണ് റെഡ് ലിസ്റ്റ് കുരുക്കിൽ നാട്ടിൽ കുടുങ്ങിയവരിൽ ഏറെയും.