ദേശീയം
രാജ്യത്ത് തക്കാളി വില കുതിച്ചുയരുന്നു; കിലോയ്ക്ക് 130 രൂപ
രാജ്യത്ത് തക്കാളി വില കുതിച്ചുയരുന്നു. ആന്ധ്രയിലെ കര്‍ണൂല്‍, യെമ്മിഗനൂര്‍, അഡോണി നഗരങ്ങളിലെ ചില്ലറവില്‍പ്പന ശാലകളില്‍ തക്കാളി കിലോയ്ക്ക് വില 130 രൂപവരെയായി. ലഭ്യതക്കുറവ് കാരണം രായലസീമ ജില്ലയിലെ ആളുകള്‍ കര്‍ണാടകയിലെ മദ്‌നാപ്പള്ളി, അന്നമയ്യ, ചിന്താമണി എന്നിവിടങ്ങളില്‍ നിന്നാണ് തക്കാളി എത്തിക്കുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തക്കാളി വില്‍പ്പന നടക്കുന്ന പാത്തിക്കോണ്ടയിലെ മൊത്തവില വിപണിയില്‍ കിലോയ്ക്ക് വില 90 രൂപയാണ്. കര്‍ണൂല്‍ ജില്ലയില്‍ ഓഗസ്റ്റ് മുതല്‍ ഫെബ്രുവരിവരെയാണ് തക്കാളി വിളവെടുപ്പ്. സീസണ്‍ ആരംഭിച്ചപ്പോള്‍ മൊത്തവിപണയില്‍ കിലോയ്ക്ക് നാലുരൂപയാണ് ഉണ്ടായിരുന്നത്. അത് ഇപ്പോള്‍ 90 രൂപയായി. ചില്ലറവിപണിയില്‍ 130 രൂപയായി ഉയര്‍ന്നു.ജൂലൈ അവസാനം വരെ വിലവര്‍ധനവ് തുടരാമെന്നും കിലോയ്ക്ക്് 150 രൂപവരെ വരാമെന്നും വ്യാപാരികള്‍ പറയുന്നു.
കര്‍ണൂല്‍ ജില്ലയില്‍ ഏകദേശം 15,000 ഹെക്ടറിലാണ് തക്കാളി കൃഷി ചെയ്യുന്നത്. എന്നാല്‍ മഴക്കുറവ് കാരണം വിളവ് 60 ശതമാനം കുറഞ്ഞു. സീസണ്‍ അവസാനിച്ചതിനാല്‍ ഫെബ്രുവരി 15ന് ശേഷം കര്‍ണാടകയില്‍ നിന്നാണ് സംസ്ഥാനത്ത് തക്കാളി എത്തിക്കുന്നത്. വിലക്കൂടുതല്‍ കാരണം തക്കാളി വാങ്ങുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായതായും വ്യപാരികള്‍ പറയുന്നു.
അതേസമയം, നെല്ലൂര്‍, ചിറ്റൂര്‍, തിരുപ്പതി ജില്ലകളില്‍ ചൊവ്വാഴ്ച തക്കാളി വില കിലോയ്ക്ക് 100 രൂപ കടന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ തക്കാളിക്ക് ഡിമാന്‍ഡ് കുറവായതിനാല്‍ മദനാപ്പള്ളിയില്‍ കര്‍ഷകര്‍ കൂടുതലായി കൃഷി ചെയ്തിരുന്നില്ല. ജൂണ്‍ രണ്ടാം വാരത്തോടെ മദനപ്പള്ളി, പുങ്ങന്നൂര്‍ മാര്‍ക്കറ്റുകളില്‍ കൂടുതല്‍ സ്‌റ്റോക്ക് എത്തുന്നതോടെ തക്കാളി വില കുറയാന്‍ സാധ്യതയുണ്ടെന്നും വ്യാപാരികള്‍ പറയുന്നു.