കേരളം
സംസ്‌ഥാനത്ത് ദീര്‍ഘദൂര ട്രെയിനുകള്‍ ഇന്നു മുതല്‍
കോവിഡ് ഭീഷണിയുടെ നിഴലില്‍നിന്നു മോചിതമായിട്ടില്ലെങ്കിലും സംസ്‌ഥാനത്തു ദീര്‍ഘദൂര ട്രെയലനുകള്‍ ഇന്നു മുതല്‍ ഓടിത്തുടങ്ങും.രാജ്യം ഘട്ടംഘട്ടമായി ലോക്ക്‌ഡൗണില്‍നിന്നു പുറത്തുകടക്കുന്ന സാഹചര്യത്തിലാണ് ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് അനുമതി നല്‍കിയത്.
ഇന്ന് ഓടിത്തുടങ്ങുന്ന ട്രെയിനുകളുടെ സമയവിവരപ്പട്ടിക റെയില്‍വേ പ്രസിദ്ധീകരിച്ചു. ജനശതാബ്‌ദി ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ ഇന്നു മുതല്‍ ഓടും. അതേസമയം, ട്രെയിനുകളില്‍ സാമൂഹിക അകലം പാലിക്കാനാകൂമോയെന്ന് ആശങ്ക ഉയരുന്നുണ്ട്.
ടിക്കറ്റുകള്‍ ഓണ്‍ലൈനായും തെരഞ്ഞെടുത്ത കൗണ്ടറുകള്‍വഴിയും ബുക്ക് ചെയ്യാം.
മാസ്‌ക് ധരിച്ചെത്തുന്നവര്‍ക്കേ ടിക്കറ്റ് നല്‍കൂ. സമ്പൂര്‍ണ ലോക്ക്‌ഡൗണ്‍ ആയതിനാല്‍ ഞായറാഴ്‌ചകളില്‍ തിരുവനന്തപുരം ഡിവിഷനു കീഴിലുള്ള ബുക്കിങ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കില്ല. ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം.
ഇന്നു മുതല്‍ ഓടുന്ന ട്രെയിനുകളുടെ സമയപ്പട്ടിക:
തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്‌ദി (02076): തിരുവനന്തപുരത്തുനിന്നു പുലര്‍ച്ചെ 5.45-നു പുറപ്പെടും. മടക്കയാത്ര കോഴിക്കോട്ടുനിന്ന് ഉച്ചയ്‌ക്ക് 1.45ന് (എല്ലാദിവസവും).
തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്‌ദി (02082): തിരുവനന്തപുരത്തുനിന്ന് ഉച്ചകഴിഞ്ഞ് 2.45ന് (ചൊവ്വാഴ്‌ചയും ശനിയാഴ്‌ചയും ഒഴികെ). മടക്കയാത്രയ്‌ക്കു കണ്ണൂരില്‍നിന്നു പുലര്‍ച്ചെ 4.50നു പുറപ്പെടും (ബുധനാഴ്‌ചയും ഞായറാഴ്‌ചയും ഒഴികെ).
തിരുവനന്തപുരം- ലോകമാന്യ തിലക് നേത്രാവതി (06346): തിരുവനന്തപുരത്തുനിന്നു രാവിലെ 9.30നു പുറപ്പെടും. മടക്കം ലോക്‌മാന്യ തിലകില്‍നിന്ന് ഉച്ചയ്‌ക്ക് 11.40ന് (എല്ലാ ദിവസവും). ഈ ട്രെയിനിന്റെ (06345, 06346) ചെറുവത്തൂരിലെ സ്‌റ്റോപ് ഒഴിവാക്കി. തിരൂര്‍ സ്‌റ്റോപ് നിലനിര്‍ത്തി.
എറണാകുളം ജങ്‌ഷന്‍- നിസാമുദീന്‍ മംഗള എക്‌സ്‌പ്രസ് (02617): എറണാകുളത്തുനിന്ന് ഉച്ചയ്‌ക്ക് 1.15നു പുറപ്പെടും. മടക്കം നിസാമുദീനില്‍നിന്നു രാവിലെ 9.15ന് (എല്ലാ ദിവസവും). എറണാകുളം ജങ്‌ഷനും ഡല്‍ഹിക്കും (ഹസ്രത്ത് നിസാമുദ്ദീന്‍) ഇടയില്‍ സര്‍വീസ് നടത്തുന്ന മംഗള ലക്ഷദ്വീപ് എക്‌സ്‌പ്രസിന്റെ (02617/02618) ആലുവ, പട്ടാമ്പി, കുറ്റിപ്പുറം, തിരൂര്‍, പരപ്പനങ്ങാടി, ഫറോക്, കൊയിലാണ്ടി, വടകര, തലശേരി, പഴയങ്ങാടി, പയ്യന്നൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട് സ്‌റ്റോപ്പുകള്‍ ഒഴിവാക്കി.
എറണാകുളം ജങ്‌ഷന്‍- നിസാമുദീന്‍ (തുരന്തോ) എക്‌സ്‌പ്രസ് (02284): എറണാകുളത്തുനിന്നു ചൊവ്വാഴ്‌ചകളില്‍ രാത്രി 11.25ന് പുറപ്പെടും. മടക്കം ശനിയാഴ്‌ചകളില്‍ നിസാമുദീനില്‍നിന്നു രാത്രി 9.35ന്.
തിരുവനന്തപുരം സെന്‍ട്രല്‍- എറണാകുളം ജങ്‌ഷന്‍ (06302): പ്രതിദിന പ്രത്യേക ട്രെയിന്‍ തിങ്കളാഴ്‌ച രാവിലെ 7.45 നു സര്‍വീസ് ആരംഭിക്കും.
എറണാകുളം ജങ്‌ഷന്‍- തിരുവനന്തപുരം (06301): പ്രതിദിന പ്രത്യേക ട്രെയിന്‍ ഉച്ചയ്‌ക്ക് ഒന്നിനു പുറപ്പെടും.
തിരുച്ചിറപ്പള്ളി-നാഗര്‍കോവില്‍ (02627): പ്രതിദിന സൂപ്പര്‍ ഫാസ്‌റ്റ് തിങ്കളാഴ്‌ച രാവിലെ ആറിനു സര്‍വീസ് ആരംഭിക്കും. മടക്ക യാത്ര ഉച്ചകഴിഞ്ഞു മൂന്നിനു നാഗര്‍കോവിലില്‍നിന്നു പുറപ്പെടും.