ദേശീയം
ജ്യോതിശാസ്ത്രത്തിലെ അപൂർവ്വ പ്രതിഭാസമായ വ്യാഴം-ശനി ഗ്രഹങ്ങളുടെ മഹാസംഗമ ദിവസം ഇന്ന്
ജ്യോതിശാസ്ത്രത്തിലെ അപൂർവ്വ പ്രതിഭാസമായ വ്യാഴം-ശനി ഗ്രഹങ്ങളുടെ മഹാസംഗമ ദിവസം ഇന്ന്. 794 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് ആകാശത്ത് ഈ കാഴ്ച ഒരുങ്ങുന്നത്. തെക്കുപടിഞ്ഞാറൻ മേഖലയിൽ സന്ധ്യയ്ക്ക് നഗ്ന നേത്രങ്ങൾക്കൊണ്ട് ഈ പ്രതിഭാസം ഭൂമിയിൽ നിന്ന് കാണാനാകും. ഇനി ഇത്തരത്തിലൊരു കാഴ്ചയ്ക്കായി 60 വർഷം കാത്തിരിക്കണം. അത് 2080 മാർച്ചിലാകും സാദ്ധ്യമാകുക.
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴവും രണ്ടാം സ്ഥാനത്തുള്ള ശനിയും ഭൂമിയുടെ നേർരേഖയിൽ ദൃശ്യമാകും. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ അവ ഇരട്ടഗ്രഹം പോലെ കാണാൻ സാധിക്കും. പതുക്കെ സഞ്ചരിക്കുന്ന രണ്ട് ഗ്രഹങ്ങളായ വ്യാഴവും ശനിയും തമ്മിലുള്ള സംഗമമാണ് ഇവിടെ ദൃശ്യമാകുക അപൂർവ്വമാണ്. അതുകൊണ്ടാണ് വ്യാഴം-ശനി സംഗമത്തെ മഹാസംഗമം (great conjunction) എന്ന് വിശേഷിപ്പിക്കുന്നത്.
സൂര്യൻ ഏറ്റവും തെക്ക് ഭാഗത്തായി കാണുന്ന ദിവസമായ ഇന്ന് സൂര്യാസ്തമയത്തിന് ശേഷം തെക്കുപടിഞ്ഞാറൻ ആകാശത്ത് ആദ്യം തെളിഞ്ഞുവരിക വ്യാഴമായിരിക്കും. സമയം വൈകുന്നതോടെ അതിന്റെ തിളക്കം കൂടിക്കൂടി വരും. തൊട്ടടുത്തുള്ള ശനിയേയും വെറും കണ്ണുകൊണ്ട് തന്നെ കാണാം.
സൂര്യനെ ഭ്രമണം ചെയ്യാൻ വ്യാഴം 11.86 ഭൗമവർഷവും ശനി 29.4 ഭൗമവർഷവും എടുക്കും. അതിനാൽ ഓരൊ 19.85 ഭൗമവർഷത്തിലും ഇവ രാത്രി ആകാശത്ത് പരസ്പരം കടന്നുപോകുന്നതായി കണക്കാക്കപ്പെടുന്നു.
അവസാനമായി വ്യാഴവും ശനിയും അടുത്തടുത്ത് വന്ന് മഹാസംഗമം ഭൂമിയിൽ ദൃശ്യമായത് 1226ലാണ്. 1623ൽ ഇതുപോലെ ഇരുഗ്രഹങ്ങളും അടുത്തു വന്നെങ്കിലും ശനി സൂര്യന് സമീപം വന്നതിനാൽ ഭൂമിയിൽ ദൃശ്യമായിരുന്നില്ല. അടുത്തത് കാണാൻ 60 വർഷം കാത്തിരിക്കണം.