കേരളം
ഐടി നഗരത്തില്‍ രാത്രികച്ചവടം വേണ്ട; നിര്‍ദേശവുമായി നഗരസഭ
ഐടി ഹബ്ബായ കാക്കനാട് രാത്രികാല കച്ചവടത്തിന് വിലക്ക് കൊണ്ടുവരുന്നതിനുള്ള ആലോചനയിലാണ് തൃക്കാക്കര നഗരസഭ. നഗരസഭ പരിധിയില്‍ രാത്രി കാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കച്ചവട സ്ഥാപനങ്ങളിലെ ലഹരി ഉപയോഗം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് നഗരസഭ കടുത്ത തീരുമാനത്തിലേക്ക് കടക്കുന്നത്.
എന്നാല്‍ നഗരസഭയുടെ നീക്കത്തിനെതിരെ ടെക്കികളും ഹോട്ടല്‍ ഉടമകളും രംഗത്തുവന്നിട്ടുണ്ട്. വിഷയത്തില്‍ ഹോട്ടല്‍ ഉടമകള്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. നിലവിലുള്ള ഹൈക്കോടതി വിധിക്ക് എതിരാണ് നഗരസഭയുടെ തീരുമാനമെന്നാണ് ഹോട്ടല്‍ ഉടമകള്‍ പറയുന്നത്.
ഭക്ഷണം വില്‍ക്കുന്ന കച്ചവട സ്ഥാപനങ്ങളും ഒത്തുചേരലുകളും യുവാക്കളുടെ ലഹരി കേന്ദ്രങ്ങളാണെന്നും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ രാധാമണി പിള്ള പറഞ്ഞു. നഗരസഭാ പരിധിയില്‍ ലഹരി കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നാട്ടുകാര്‍ പരാതിപ്പെട്ടതായും അവര്‍ പറഞ്ഞു. അതേസമയം നഗരസഭയുടെ നീക്കത്തില്‍ പ്രതിഷേധിച്ച് ഐടി ജീവനക്കാരുടെ കൂട്ടായ്മ ഇന്ന് രാത്രി പത്ത് മുതല്‍ ഇന്‍ഫോപാര്‍ക്ക് മെയിന്‍ ഗേറ്റില്‍ നിന്ന് നൈറ്റ് വാക്ക് നടത്തുന്നുണ്ട്.
മറൈന്‍ ഡ്രൈവില്‍ രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കൊച്ചി നഗരസഭ തയ്യാറെടുത്തെങ്കിലും തീരുമാനത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ പിന്‍വലിക്കുകയായിരുന്നു. നഗരത്തില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാത്രികാല പൊലീസ് പട്രോളിങ് ശക്തമാക്കുകയാണ് വേണ്ടതെന്നാണ് പൊതുജനാഭിപ്രായം.