കേരളം
തൊപ്പിക്ക് സ്റ്റേഷന് ജാമ്യം; കണ്ണൂര്‍ പൊലീസിന് കൈമാറും
മലപ്പുറത്ത് വസ്ത്രവ്യാപാരശാലയുടെ ഉദ്ഘാടന പരിപാടിയില്‍ അശ്ലീലപദങ്ങള്‍ ഉപയോഗിച്ചതിന് വളാഞ്ചേരി പൊലീസ് എടുത്ത കേസില്‍ യൂട്യൂബര്‍ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാലിന് സ്റ്റേഷന് ജാമ്യം. എന്നാല്‍ തൊപ്പിക്ക് ഉടന്‍ തന്നെ പുറത്തിറങ്ങാന്‍ സാധിക്കില്ല. ഐടി ആക്ട് അനുസരിച്ച് കണ്ണൂര്‍ പൊലീസ് തൊപ്പിക്കെതിരെ മറ്റൊരു കേസെടുത്തതിനാല്‍, തൊപ്പിയെ കണ്ണപുരം പൊലീസിന് കൈമാറും. തൊപ്പിയുടെ രണ്ടു ഫോണുകള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഐടി ആക്ടിലെ 57-ാം വകുപ്പ് ചുമത്തിയാണ് കണ്ണപുരം പൊലീസ് കേസെടുത്തിരിക്കുന്നത്.
സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതുമായി ബന്ധപ്പെട്ട് മുഹമ്മദ് നിഹാലിനെതിരായ പരാതികള്‍ പൊലീസിന്റെ മുന്നിലുണ്ട്. ഇതിന്റെ ഭാഗമായാണ് തൊപ്പിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സൈബര്‍ പൊലീസിന്റെ സഹായത്തോടെ വിശദമായി പരിശോധിക്കും. പരിശോധനയില്‍ പുതിയതായി എന്തെങ്കിലും കണ്ടെത്തുകയാണെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനും പൊലീസിന് ആലോചനയുണ്ട്.
മലപ്പുറം വളാഞ്ചേരിയിലെ വസ്ത്രവ്യാപാരശാലയുടെ ഉദ്ഘാടന പരിപാടിക്കിടെ, അശ്ലീലപദങ്ങള്‍ ഉപയോഗിച്ചതിനായിരുന്നു തൊപ്പിക്കെതിരെയുള്ള ആദ്യ കേസ്. കൂടാതെ ഗതാഗതം തടസ്സപ്പെടുത്തിയതിനും യുവാവിനെതിരെ കേസെടുത്തിരുന്നു. ഇതിലാണ് വളാഞ്ചേരി പൊലീസ് സ്റ്റേഷന് ജാമ്യം നല്‍കിയത്. ഇതിന് പുറമേ തൊപ്പി നടത്തുന്ന യൂട്യൂബ് ചാനലിലെ ഉള്ളടക്കം സഭ്യത വിട്ടിട്ടുള്ളതാണെന്നും കുട്ടികളാണ് ഇത് കൂടുതലായി കാണുന്നത് എന്നതും ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പരിശോധന തുടരുന്നത്.
എറണാകുളം എടത്തലയിലെ താമസസ്ഥലത്തു നിന്നാണ് തൊപ്പി എന്ന് അറിയപ്പെടുന്ന നിഹാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊതുജനമധ്യത്തില്‍ തെറിപ്പാട്ട് പാടിയതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും തൊപ്പിക്കെതിരെ ഇന്നലെയാണ് പൊലീസ് ആദ്യം കേസെടുത്തത്. വാതില്‍ ചവിട്ടിപ്പൊളിച്ച് എത്തിയാണ് തൊപ്പിയെ കസ്റ്റഡിയിലെടുത്തത്. ഇതിന്റെ വിഡിയോ തൊപ്പി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. താന്‍ നാളെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാമെന്ന് പറഞ്ഞിരുന്നതാണ്. രാഷ്ട്രീയ വിവാദങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് തന്നെ കസ്റ്റഡിയിലെടുക്കുന്നത് എന്നും തൊപ്പി പറഞ്ഞു.
പൊലീസുകാര്‍ ചവിട്ടിയതിനാല്‍ വാതില്‍ തുറക്കാനാവുന്നില്ലെന്ന് തൊപ്പി പറയുന്നത് വിഡിയോയില്‍ കാണാം. തുടര്‍ന്ന് താക്കോല്‍ പൊലീസുകാര്‍ക്ക് നല്കി. വാതില്‍ തുറക്കാനാവാത്തതിനെ തുടര്‍ന്ന് ചവിട്ടി പൊളിക്കുകയായിരുന്നു. അതുവഴി തൊപ്പിയെ ഇറക്കിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആറ് ലക്ഷത്തില്‍ കൂടുതല്‍ സബ്സ്ക്രൈബേഴ്സാണ് കണ്ണൂര്‍ സ്വദേശിയായ തൊപ്പിയുടെ യുട്യൂബ് ചാനലിനുള്ളത്.