ദേശീയം
ഡല്‍ഹിയില്‍ വീണ്ടും മങ്കിപോക്സ് സ്ഥിരീകരിച്ചു; രാജ്യത്ത് രോഗബാധിതരുടെ എണ്ണം എട്ടായി
രാജ്യത്ത് മങ്കിപോക്സ് ബാധിച്ചവരുടെ എണ്ണം എട്ടായി. ഡല്‍ഹിയിലാണ് അവസാനമായി മങ്കിപോക്സ് സ്ഥിരീകരിച്ചത്. പരിശോധനാ കിറ്റും വാക്സിനും വികസിപ്പിക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ ദൗത്യസംഘത്തിന് രൂപം നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു.
പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തതോടെ, ഡല്‍ഹിയില്‍ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം മൂന്നായി. എട്ടു കേസുകളില്‍ അഞ്ചുപേര്‍ വിദേശത്ത് നിന്ന് എത്തിയവരാണെന്നും മന്‍സൂഖ് മാണ്ഡവ്യ രാജ്സഭയില്‍ പറഞ്ഞു.
കേരളത്തിലാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ജൂലൈ 14നാണ് രോഗം സ്ഥിരീകരിച്ചത്. ഈ രോഗം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുന്‍പ് തന്നെ സംസ്ഥാനങ്ങള്‍ക്കും വിമാനത്താവളങ്ങള്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നതായും മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു.
നിരീക്ഷണം ശക്തമാക്കുന്നതും സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നത് ഉള്‍പ്പെടെ വിവിധ വിഷയങ്ങളിലാണ് നിര്‍ദേശം നല്‍കിയത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണിത്. പടിഞ്ഞാറന്‍, മധ്യ ആഫ്രിക്കയിലാണ് ഈ രോഗം കണ്ടുവന്നിരുന്നത്. ഇപ്പോള്‍ മറ്റു പ്രദേശങ്ങളിലും രോഗം കണ്ടുവരുന്നുണ്ട്.
സാധാരണയായി രണ്ടോ നാലോ ആഴ്ച വരെ നീണ്ടുനില്‍ക്കുന്ന രോഗമാണിത്. രോഗം വന്ന് തനിയെ കുറയുന്ന അവസ്ഥയാണ് സാധാരണയായി കണ്ടുവരുന്നത്. ചിലപ്പോള്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു.