ദേശീയം
കോവിഡ് വാക്‌സിന് ക്ഷാമമില്ല; കേരളത്തെ പ്രശംസിച്ച് കേന്ദ്രം
രാജ്യത്ത് കോവിഡ് വാക്‌സിന് ക്ഷാമമില്ലെന്നും വാക്‌സിന്‍ വിതരണം സംബന്ധിച്ച സംസ്ഥാനങ്ങളുടെ ആസൂത്രണത്തിലാണ് കുഴപ്പം സംഭവിച്ചതെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുടെ ഭാഗത്ത് നിന്നും കൂടുതല്‍ ശ്രദ്ധ ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം ഇന്ന് ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു.
എന്നാല്‍ കേരളം ഇത്തരത്തില്‍ വാക്സിന്‍ പാഴാക്കികളഞ്ഞിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.ഏപ്രില്‍ മാസം അവസാനിക്കുന്നതോടെ രണ്ട് കോടി വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളിലേക്കും യൂണിയന്‍ ടെറിട്ടറികളിലേക്കും എത്തുമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി വ്യക്തമാക്കുന്നു. ചില സംസ്ഥാനങ്ങള്‍ വാക്‌സിന്‍ പാഴാക്കി കളഞ്ഞിട്ടുണ്ടെന്നും അതിനാല്‍ നിലവിലെ സ്റ്റോക്കിന്റെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ പുനഃപരിശോധന നടത്തേണ്ടതുണ്ടെന്നും രാജേഷ് ഭൂഷണ്‍ ചൂണ്ടിക്കാട്ടി.
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണെന്നും മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഉത്തര്‍ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യമാണ് ഏറ്റവും കൂടുതല്‍ ആശങ്ക ജനിപ്പിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യയില്‍ ഇന്നലെ മാത്രം 1,61,736 പേര്‍ക്കാണ് രോഗം വന്നതായി സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ രാജ്യത്ത് 879 പേര്‍ രോഗം മൂലം മരണപ്പെട്ടു. 12,64,698 പേരാണ് രാജ്യത്ത് കോവിഡ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 1,36,89,453 പേര്‍ക്കാണ് ഇതുവരെ രോഗം വന്നത്.