ദേശീയം
ആധാറുമായി ബന്ധിപ്പിക്കാത്തതിന് മൂന്നു കോടി റേഷന്‍ കാര്‍ഡുകള്‍ മരവിപ്പിച്ച നടപടി അതിഗുരുതരമെന്ന് സുപ്രീം കോടതി
ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചില്ലെന്ന കാരണം നിരത്തി കേന്ദ്രസര്‍ക്കാര്‍ രാജ്യത്തുടനീളം മൂന്നു കോടി റേഷന്‍ കാര്‍ഡുകള്‍ മരവിപ്പിച്ചതിനെതിരെ സുപ്രീം കോടതി. ശത്രുത സമീപനത്തോടെ കാണേണ്ട വിഷയമല്ലിതെന്നും അതിഗുരുതരമാണെന്നും വ്യക്തമാക്കിയ കോടതി കേന്ദ്രത്തില്‍നിന്നും സംസ്ഥാനങ്ങളില്‍നിന്നും വിശദീകരണവും തേടി.
ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ഡെ, ജസ്റ്റീസുമാരായ എ.എസ് ബൊപ്പണ്ണ, വി. രാമസുബ്രമണ്യന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്. പരാതിക്കാരിയായ കൊയ്ലി ദേവിക്കു വേണ്ടി ഹാജരായ കോളിന് ഗോണ്‍സാല്‍വസ് അത് വലിയ വിഷയമാണെന്ന് ബോധിപ്പിച്ചു. ഇത് അംഗീകരിച്ച പരമോന്നത കോടതി പരാതിക്കാരിയുടെ അഭിഭാഷകന് വിഷയത്തിന്റെ പരിധി ഉയര്‍ത്തിയതായും ആശ്വാസം നല്‍കിയതായും പറഞ്ഞു. നാലാഴ്ചക്കകം മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടു. കേസ് അവസാനവാദം കേള്‍ക്കലിനായി നീട്ടിവെച്ചു.
കേന്ദ്രം ഇതുവരെയായി മൂന്നു കോടി റേഷന്‍ കാര്‍ഡുകള്‍ മരവിപ്പിച്ചതായി അഭിഭാഷകന് അറിയിച്ചു. എന്നാല്‍, കേന്ദ്രമാണ് മരവിപ്പിച്ചതെന്ന വാദം അബദ്ധമാണെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ അമന് ലേഖി പ്രതികരിച്ചു.
പട്ടിണി മരണങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് നല്കാന് 2019 ഡിസംബറില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, മരണങ്ങള് പട്ടിണി മൂലമാണെന്ന് കരുതുന്നില്ലെന്നായിരുന്നു കേന്ദ്രം നല്കിയ മറുപടി. ഒരാള്‍ക്കും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിപ്പിക്കാത്തതിന് ഭക്ഷ്യ വസ്തുക്കള്‍ മുടക്കിയില്ലെന്നും മറുപടിയിലുണ്ട്.
2018ല്‍ പട്ടിണി മൂലം 11 കാരിയായ മകള്‍ സന്തോഷി മരിച്ചതിനു പിന്നാലെയാണ് ഝാര്‍ഖണ്ഡ് സ്വദേശിയ ദേവി പൊതുതാല്പര്യ ഹരജി നല്‍കിയിരുന്നത്. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചില്ലെന്ന് പറഞ്ഞ് തങ്ങളുടെ റേഷന്‍ കാര്‍ഡ് പ്രാദേശിക ഭരണകൂടം റദ്ദാക്കിയെന്നും ഭക്ഷണം കിട്ടാതെ മകള്‍ മരിക്കുകയായിരുന്നുവെന്നുമായിരുന്നു പരാതി. ദളിത് കുടുംബത്തിന് റേഷന്‍ കാര്‍ഡ് മരവിപ്പിക്കപ്പെട്ടതോടെ 2017 മാര്‍ച്ച് മാസം മുതല്‍ റേഷന്‍ ലഭിച്ചിരുന്നില്ല. ഇത് കുടുംബത്തെ പട്ടിണിയിലാക്കി. മരിച്ച ദിവസം പോലും മകള്‍ക്ക് ഉപ്പിട്ട ചായ മാത്രമാണ് നല്കാന് കഴിഞ്ഞതെന്നായിരുന്നു ദേവിയുടെ പരിഭവം. മറ്റൊന്നും വീട്ടിലുണ്ടായിരുന്നില്ല.