ദേശീയം
കോവിഡ് വ്യാപനം മോശമായ അവസ്ഥയിലേക്കാണ് പോകുന്നത്: സുപ്രീംകോടതി
കോവിഡ് മഹാമാരിയുടെ വ്യാപനം അത്യന്തം മോശമായ അവസ്ഥയിലേക്ക് നീങ്ങുകയാണെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ നേരിടാന്‍ സുസജ്ജമായിരിക്കണമെന്നും സുപ്രീംകോടതിയുടെ മുന്നറിയിപ്പ്.
ഡല്‍ഹി, മഹാരാഷ്്ട്ര, ഗുജറാത്ത്, അസം എന്നീ സംസ്ഥാനങ്ങളോട് കോവിഡ് കേസുകളുടെ തല്‍സ്ഥിതിയും അത് നേരിടാന്‍ കൈക്കൊണ്ട നടപടികളും വ്യക്തമാക്കി റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം സമര്‍പ്പിക്കാന്‍ ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.
സ്ഥിതിഗതി മോശമാകുന്നതിനാല്‍ എല്ലാ സംസ്ഥാനങ്ങളും അടിയന്തര നടപടിയെടുക്കേണ്ടതുണ്ടെന്ന് ജസ്റ്റിസുമാരായ ആര്‍. സുഭാഷ് റെഡ്ഡി,എം.ആര്‍. ഷാ എന്നിവരുമടങ്ങുന്ന ബെഞ്ച് വിശദീകരിച്ചു.
വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും. ദിവസേന 380 കോവിഡ് രോഗികളുടെ സംസ്‌കാരത്തിന് സൗകര്യമൊരുക്കിയിട്ടുണ്ടെന്നും ഐ.സി.യു ഉള്ള ആശുപത്രികളുടെയും ബെഡുകളുടെയും എണ്ണം കൂട്ടിയിട്ടുണ്ടെന്നും ഡല്‍ഹി സര്‍ക്കാര്‍ ബോധിപ്പിച്ചു.
ഘോഷയാത്രകള്‍ക്കും വിവാഹാഘോഷങ്ങള്‍ക്കും അനുമതി നല്‍കിയതിന് ഗുജറാത്ത് സര്‍ക്കാറിനെ ജസ്റ്റിസ് എം.ആര്‍ ഷാ വിമര്‍ശിച്ചു