കേരളം
‘തിപ്പിലിശ്ശേരിയിലെ ഭൂമിക്കടയിൽ നിന്ന് വെള്ളം തിളയ്ക്കുന്ന ശബ്ദം’; കാരണം കണ്ടെത്തി!
തിപ്പിലിശ്ശേരിയിലെ നിശ്ചിത പ്രദേശത്ത് ഭൂമിക്കടയിൽ നിന്ന് വെള്ളം തിളയ്ക്കുന്ന ശബ്ദം കേട്ടത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരുന്നു. എന്നാൽ ഭയപ്പെടാനായി ഒന്നുമില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ. ഭൂമിക്കടിയിൽ നിന്ന് വെള്ളം തിളക്കുന്ന ശബ്ദം ഉപേക്ഷിക്കപ്പെട്ട കുഴൽ കിണറിൽ നിന്നുള്ളതെന്നാണ് കണ്ടെത്തൽ.
കുന്നംകുളം ദുരന്ത നിവാരണ ഡെപ്യൂട്ടി തഹസിൽദാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കുഴൽക്കിണർ കണ്ടെത്തിയത്. വർഷങ്ങൾക്കു മുൻപ് കുഴൽ കിണർ കുഴിക്കുകയും പിന്നീട് വെള്ളം ലഭിക്കാത്തതിനെത്തുടർന്ന് കുഴൽക്കിണറിന്‍റെ മുകൾഭാഗം മാത്രം കല്ല് വെച്ച് അടക്കുകയും ചെയ്ത നിലയിലായിരുന്നു. മഴക്കാല വ്യതിയാനത്തിന്റെ ഭാഗമായി ഭൂമിക്കടിയിലെ വെള്ളത്തിന്റെ ഒഴുക്ക് ശക്തി പ്രാപിച്ചതാണ് ഇത്തരത്തിൽ ശബ്ദം കേൾക്കാൻ കാരണമായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ ദിവസം രാവിലെയോടെയാണ് പ്രദേശവാസികൾ ഈ ശബ്ദം കേൾക്കുന്നതും അധികൃതരെ വിവരം അറിയിക്കുന്നതും. പുറത്തുനിന്ന് വ്യക്തമായി കേൾക്കാനാവുന്ന തരത്തിലായിരുന്നു ശബ്ദം. വിവരം പുറത്തറിഞ്ഞതോടെ പ്രദേശത്തേക്ക് നിരവധി ആളുകൾ എത്തുന്നതായി നാട്ടുകാർ പറഞ്ഞു. ഭൂമിക്കടിയിൽ നിന്ന് അത്ഭുത ശബ്ദമെന്ന തര്തിൽ സോഷ്യൽ മീഡിയയിലും വാർത്തകൾ പ്രചരിച്ചിരുന്നു. സംഭവത്തിന്റെ വീഡിയോയും വൈറലായിരുന്നു.