ദേശീയം
രാജ്യത്തിന്‍റെ പുരോഗതിയുടെ തെളിവെന്ന് പ്രധാനമന്ത്രി; രാജ്യത്തെ ആദ്യ ‘ത്രീഡി പ്രിന്റഡ്’ പോസ്റ്റ് ഓഫീസ് തുറന്നു
രാജ്യത്തിന്‍റെ പുരോഗതിയുടെ തെളിവാണ് ബംഗളൂരുവിലെ കേംബ്രിഡ്ജ് ലേഔട്ടിലുള്ള ഇന്ത്യയിലെ ആദ്യത്തെ ത്രീഡി പ്രിന്റഡ് പോസ്റ്റ് ഓഫീസ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേംബ്രിഡ്ജ് ലേഔട്ടിലുള്ള ഇന്ത്യയിലെ ആദ്യത്തെ ത്രീഡി പ്രിന്റഡ് പോസ്റ്റ് ഓഫീസ് കാണുമ്പോൾ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കും. രാജ്യത്തിന്റെ നവീകരണത്തിന്റെയും പുരോഗതിയുടെയും സാക്ഷ്യപത്രമാണ് അത്. പോസ്റ്റ് ഓഫീസിന്റെ പൂർത്തീകരണത്തിനായി കഠിനാധ്വാനം ചെയ്തവർക്ക് അഭിനന്ദനങ്ങളെന്നും പ്രധാനമന്ത്രി ‘എക്സ്’ പ്ലാറ്റ്ഫോമില്‍ കുറിച്ചു.
ഇന്ത്യയിലെ ആദ്യത്തെ ‘ത്രീഡി പ്രിന്റഡ്’ പോസ്റ്റ് ഓഫീസ് ബംഗളൂരുവിലാണ് തുറന്നത്. നഗരത്തിലെ കേംബ്രിജ് ലേ ഔട്ടില്‍ 1021 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പണി കഴിപ്പിച്ച കെട്ടിടം കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ആണ് വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തത്. 45 ദിവസംകൊണ്ടാണ് കെട്ടിടം പണി പൂര്‍ത്തിയാക്കിയത്. ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യയില്‍, പ്രത്യേക റോബോട്ടിക് യന്ത്രങ്ങള്‍ ഉപയോഗിച്ച് ഘട്ടംഘട്ടമായി കോണ്‍ക്രീറ്റ് നിക്ഷേപിച്ചാണ് കെട്ടടത്തിന്‍റെ ഭിത്തികള്‍ നിര്‍മ്മിച്ചിട്ടുള്ളത്.
പെട്ടെന്ന് ഉറയ്ക്കുന്ന പ്രത്യേക തരം കോണ്‍ക്രീറ്റ് ആണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്. മദ്രാസ് ഐഐടിയുടെ സാങ്കേതിക സഹായത്തോടെ ലാസന്‍ ആന്‍ഡ് ടബ്രോ ലിമിറ്റഡ് ആണ് നിര്‍മാണം നടത്തിയിട്ടുള്ളത്. സാധാരണ നിലയില്‍ ആറ് മാസം മുതല്‍ എട്ട് മാസം കൊണ്ടാണ് പരമ്പരാഗത രീതിയിലുള്ള ഒരു കെട്ടിടത്തിന്‍റെ നിര്‍മ്മാണം തീരുക.
എന്നാല്‍, അതിൽ നിന്ന് വ്യത്യസ്തമായി 45 ദിവസംകൊണ്ടാണ് ത്രീഡി കെട്ടിടത്തിന്റെ മുഴുവന്‍ പണികളും പൂര്‍ത്തിയാക്കാനായത്. സമയത്തിന് പുറമെ ചെലവ് പരിഗണിച്ചാലും താരതമ്യേന ലാഭം ത്രീഡി പ്രിന്റഡ് കെട്ടിട നിര്‍മാണത്തിന് തന്നെയാണ്. പുതിയ നിർമ്മാണ സാങ്കേതികവിദ്യയായ ത്രീഡി കോൺക്രീറ്റ് പ്രിന്റിംഗ് സാങ്കേതികവിദ്യയിലൂടെയാണ് ഇത് നടപ്പിലാക്കിയിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇത് പൂർണമായും ഓട്ടോമേറ്റഡ് കെട്ടിട നിർമ്മാണ സാങ്കേതികവിദ്യയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.