ഹയർ സെക്കൻഡറി പരീക്ഷ നാളെ തുടങ്ങാനിരിക്കെ പ്ലസ് വൺ ചോദ്യക്കടലാസുകളുടെ അച്ചടി പൂർത്തിയായില്ലെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പരീക്ഷ നാളെ മുതല്‍ ആരംഭിക്കും. പരീക്ഷ ചോദ്യക്കടലാസിന്റെ അച്ചടി പൂര്‍ത്തിയായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വ്യാജവാർത്ത നൽകുന്നതിന് പിന്നിൽ പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്നതിനുള്ള ആസൂത്രിത ഗൂഢാലോചന ഉണ്ടെന്നും മന്ത്രി പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
മുൻപ് ഒറ്റത്തവണയായി നടന്നിരുന്ന അച്ചടിയും വിതരണവും തവണകളായത് ചെലവ് ഇരട്ടിപ്പിക്കുമെന്നതിനെതിരെയും മന്ത്രി പ്രതികരിച്ചു. 2021ല്‍ ഒമ്പത് തവണയായാണ് വിതരണം നടത്തിയത്. പല വർഷങ്ങളിലും ഘട്ടം ഘട്ടമായി വിതരണം നടത്തിയിട്ടുണ്ട്. 2022ലെ പരീക്ഷ തന്നെ രണ്ട് ഘട്ടമായാണ് നടത്തിയത്. അപ്പോഴും ഒന്നിലധികം തവണ വിതരണം നടത്തിയിട്ടുണ്ടെന്നും മന്ത്രി കുറിച്ചു. സംസ്ഥാനത്ത് ഹയർ സെക്കൻ്ററിയിൽ 1994 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.
വിദേശത്തെ പരീക്ഷാ സെന്ററുകളിലും വീണ്ടും ചോദ്യപേപ്പർ എത്തിക്കണമെന്ന് വ്യാജവാർത്ത വന്നിരുന്നതായും മന്ത്രി കുറിച്ചു. എംബസി മുഖേന മുഴുവൻ ചോദ്യപേപ്പറുകളും പരീക്ഷ കേന്ദ്രങ്ങളിൽ എത്തിച്ചിട്ടുണ്ട്. ഗൾഫ് മേഖലയിലെ ചെലവ് പൂർണമായും ഗൾഫ് സ്കൂളുകളാണ് വഹിക്കുന്നത്. വാർത്തകള്‍ തെറ്റിദ്ധാരണ ഉളവാക്കുന്നതാണെന്നും മന്ത്രി കുറിച്ചു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!