കേരളം
ജൂണിൽ കോണ്‍ഗ്രസിന് പുതിയ അധ്യക്ഷൻ
കോണ്‍ഗ്രസ് അധ്യക്ഷനെ ജൂണിൽ പ്രഖ്യാപിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. തെരഞ്ഞെടുപ്പിലൂടെയായിരിക്കും അധ്യക്ഷനെ കണ്ടെത്തുക. സംഘടനാ തെരഞ്ഞെടുപ്പ് മേയിൽ നടത്തുമെന്നും പ്രവൃത്തക സമിതി യോഗത്തിനുശേഷം അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനുശേഷമാണ് അധ്യക്ഷനെ തെരഞ്ഞെടുക്കുക. അതേസമയം സംഘടന തെരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്ന് മുതിർന്ന നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ, മുകൾ വാസ്നിക്, പി. ചിദംബരം എന്നിവർ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ ശൈലി മാറണം. പലയിടത്തും കോണ്‍ഗ്രസിന്റെ അടിത്തറ ഇളകിയിരിക്കുകയാണെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
അശോക് ഗെഹ്ലോട്ട്, അമരീന്ദർ സിംഗ്, എ.കെ. ആന്റണി, താരിഖ് അൻവർ, ഉമ്മൻ ചാണ്ടി തുടങ്ങിയ നേതാക്കളാണ് കോണ്‍ഗ്രസ് അധ്യക്ഷൻ തെരഞ്ഞെടുപ്പ് ബംഗാൾ, തമിഴ്നാട്, കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനുശേഷം മതിയെന്ന് ആവശ്യപ്പെട്ടത്. സംസ്ഥാന തെരഞ്ഞെടുപ്പുകൾക്കാണ് പ്രഥമ പരിഗണന. അതിനുശേഷം പാർട്ടി തെരഞ്ഞെടുപ്പ് മതിയെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
ദേശീയ നേതാക്കൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാണെന്നും അതിനാൽ സംഘടന തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും വ്യക്തമാക്കി. ഇതോടെ ജൂണിൽ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാമെന്ന് പ്രവൃത്തക സമിതി തീരുമാനിക്കുകയായിരുന്നു.