കേരളം
അവനവൻ കടമ്പ പുരസ്‌കാരം നാടക പ്രവർത്തകൻ ഹസിം അമരവിളയ്ക്ക്
അവനവൻ കടമ്പ പുരസ്‌കാരം യുവ നാടക പ്രവർത്തകൻ ഹസിം അമരവിള ഏറ്റുവാങ്ങി. പ്രശസ്ത ഗായകൻ കാവാലം ശ്രീകുമാർ പുരസ്‌കാരം സമ്മാനിച്ചു കാവാലം നാരായണപ്പണിക്കരുടെ സ്മരണയ്ക്കായി കാവാലം സംസ്കൃതി ഏർപ്പെടുത്തിയ അവനവൻ കടമ്പ പുരസ്‌കാരം യുവനാടക പ്രവർത്തകൻ ഹസിം അമരവിള ഏറ്റുവാങ്ങി.
തിരുവനന്തപുരം ഉള്ളൂർ കാമിയോ ലൈറ്റ് അക്കാദമിയിൽ നടന്ന ചടങ്ങിൽ പ്രശസ്ത ഗായകനും കാവാലം നാരായണപ്പണിക്കരുടെ മകനുമായ കാവാലം ശ്രീകുമാർ പുരസ്‌കാരം സമ്മാനിച്ചു. അറിവിന്റെ അക്ഷയ ഖനിയായിരുന്നു കാവാലം നാരായണപ്പണിക്കരെന്ന് കാവാലം ശ്രീകുമാർ അനുസ്മരിച്ചു.തന്റെ ശിഷ്യന്മാർക്ക് അറിവ് പകർന്നു കൊടുക്കുന്നതിൽ അദ്ദേഹം ഒട്ടും പിശുക്ക് കാണിച്ചിട്ടില്ല
ഒപ്പമുള്ള നാടക പ്രവർത്തകരെയെല്ലാം വേർ തിരിവില്ലാതെ ഒരുപോലെ കണ്ട വ്യക്തിയായിരുന്നു കാവാലം.
പുതുതായി നാടകത്തിലേക്ക് കടന്നു വരുന്ന ചെറുപ്പക്കാരെ അദ്ദേഹം ഒത്തിരി പ്രോത്സാഹിപ്പിച്ചിരുന്നു. ഗായകൻ, സംഗീത സംവിധായകൻ എന്ന നിലയിൽ തന്റെ സംഗീത ജീവിതത്തെ ഏറെ സ്വാധീനിച്ച വ്യക്തിയായിരുന്നു കാവാലം.
എല്ലാ നാടക സങ്കേതങ്ങളെയും അദ്ദേഹം ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു എന്നും കാവാലം ശ്രീകുമാർ അനുസ്മരിച്ചു.കാവാലം നാരായണപ്പണിക്കരുടെ പേരിലുള്ള പുരസ്‌കാരം ലഭിച്ചതിൽ ഒരു നാടക പ്രവർത്തകൻ എന്ന നിലയിൽ ഏറെ അഭിമാനിക്കുന്നുവെന്ന് പുരസ്‌കാരം ഏറ്റു വാങ്ങിയ ശേഷം ഹസിം അമരവിള പറഞ്ഞു.
വളർന്നു വരുന്ന യുവനാടക പ്രവർത്തകർക്ക് ഈ പുരസ്‌കാരം ഏറെ പ്രചോദനമാണെന്നും ഈ പുരസ്‌കാരം താൻ പ്രവർത്തിക്കുന്ന കനൽ സംസ്കാരിക വേദിക്ക് കൂടി അവകാശപ്പെട്ടതാണെന്നും ഹസിം കൂട്ടിച്ചേർത്തു. സജി കമല അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കാവാലം സജീവ് ആശംസകൾ നേർന്നു. ചടങ്ങിൽ സോപാനത്തിലെ മുതിർന്ന നാടക പ്രവർത്തകരായ എസ് രാധാകൃഷ്ണൻ, വിജയൻ, മുൻഷി ശ്രീകുമാർ എന്നിവരെ ആദരിച്ചു.
ചടങ്ങിനെത്തുടർന്ന് കാവാലം നാരായണപ്പണിക്കരുടെ ഗാനങ്ങൾ കോർത്തിണക്കി കാവാലം ശ്രീകുമാറും കാവാലം സജീവും ചേർന്ന് പാട്ടു പൊലി അവതരിപ്പിച്ചു.കാവാലം നാരായണപ്പണിക്കരുടെ ശിഷ്യൻമാരുടെയും ഇതര നാടക പ്രവർത്തകരുടെയും കൂട്ടായ്മയായ കാവാലം സംസ്കൃതി,നാടക കലാകാരൻമാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, കാവാലത്തിന്റെ ചരമദിനത്തിലാണ് വർഷം തോറും അവനവൻ കടമ്പ പുരസ്‌കാരം നൽകി വരുന്നത്.