Uncategorized
അടുത്തവര്‍ഷം ജൂലൈയോടെ 25 കോടി പേര്‍ക്ക് കൊവിഡ് വാക്സിന് ലഭ്യമാക്കും
ന്യൂഡല്‍ഹി: 2021 ജൂലൈയോടെ 25 കോടി പേര്‍ക്ക് കൊവിഡ് വാക്സിന് ലഭ്യമാക്കുമെന്ന് കേന്ദ്രആരോഗ്യമന്ത്രി ഹര്‍ഷ് വര്ധന്. 40-45 കോടി വാക്സിന് ഡോസുകള്‍ സര്‍ക്കാരിന് ലഭിക്കുമെന്നും അത് തുല്യമായ രീതിയില്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുമായുള്ള അദ്ദേഹത്തിന്റെ പ്രതിവാര സോഷ്യല്‍ മീഡിയയിലെ സംവാദത്തിന്റെ നാലാം പതിപ്പിലാണ് ആരോഗ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഒക്ടോബര്‍ മാസം അവസാനത്തോടെ സംസ്ഥാന- കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ മുന്‍ഗണനയുള്ള ജനസംഖ്യാ വിഭാഗങ്ങളുടെ വിശദാംശങ്ങള്‍ അയയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.
മുന്‍കൂട്ടി തീരുമാനിച്ച രീതിയില്‍ തന്നെ മുന്‍ഗണനാടിസ്ഥാനത്തില്‍ വാക്സിന് വിതരണം ചെയ്യും. ഇക്കാര്യത്തില്‍ വിശദാംശങ്ങള്‍ വരുംമാസങ്ങളില്‍ വെളിപ്പെടുത്തും.
അതേസമയം,ഇന്ത്യന്‍ വാക്സിന് നിര്‍മാതാക്കള്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ നല്‍കുന്നുണ്ടെന്നും വാക്സിന് തുല്യമായി ലഭ്യമാക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.