കേരളം
‘വിവാഹത്തിൽ മതം മാറ്റ നിയമം പാലിച്ചില്ല’; യുപിയിൽ ജീവന് സംരക്ഷണം ആവശ്യപ്പെട്ട 8 മുസ്ലിം- ഹിന്ദു ദമ്പതികളുടെ അപേക്ഷ തള്ളി
യുപിയിൽ ജീവന് സംരക്ഷണം ആവശ്യപ്പെട്ട 8 മുസ്ലിം- ഹിന്ദു ദമ്പതികളുടെ അപേക്ഷ തള്ളി അലഹബാദ് ഹൈക്കോടതി. വിവാഹത്തിൽ സംസ്ഥാനത്തെ മതം മാറ്റ നിയമം പാലിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
വിവിധ ഹർജികളിലൂടെയാണ് ദമ്പതികൾ ഹൈക്കോടതിയെ സമീപിച്ചത്. വിവാഹജീവിതത്തിൽ ബന്ധുക്കളുടെ ഇടപെടലുണ്ടാവരുതെന്നായിരുന്നു ആവശ്യം. ഈ കേസുകളിൽ അഞ്ച് മുസ്ലിം യുവാക്കൾ ഹിന്ദു യുവതികളെയും മൂന്ന് ഹിന്ദു യുവാക്കൾ മുസ്ലിം യുവതികളെയുമാണ് വിവാഹം കഴിച്ചത്. ജനുവരി 10 മുതൽ 16 വരെയുള്ള തീയതികളിൽ ജസ്റ്റിസ് സരൾ ശ്രീവാസ്തവയാണ് ഈ ഹർജികൾ തള്ളിയത്.
മതം മാറ്റ നിയമം പാലിക്കാതെ നടന്ന വിവാഹമായതിനാൽ ഈ ഹർജികൾ പരിഗണിക്കാനാവില്ലെന്ന് കോടതി നിലപാടെടുത്തു. ഈ നിയമം പാലിച്ച് വിവാഹം സാധുവാക്കിയാൽ വീണ്ടും അപേക്ഷ നൽകാമെന്നും കോടതി പറഞ്ഞു. ഉത്തർ പ്രദേശിൽ നിർബന്ധിച്ച് മതം മാറ്റി വിവാഹം കഴിക്കുന്നത് ജാമ്യമില്ലാ കുറ്റമാണ്. പത്ത് വർഷം വരെ തടവുശിക്ഷയാണ് കുറ്റം തെളിഞ്ഞാൽ ലഭിക്കുക. ഇതര മതസ്ഥർ തമ്മിൽ വിവാഹം കഴിക്കണമെങ്കിൽ രണ്ട് മാസം മുൻപ് മജിസ്ട്രേറ്റിൽ നിന്ന് അനുമതി വാങ്ങണമെന്നാണ് നിയമം.