ദേശീയം
ടെസ്ല ഇന്ത്യയിലേക്ക്, കേന്ദ്രസര്‍ക്കാരുമായി തിരക്കിട്ട ചര്‍ച്ചകള്‍; 20 ലക്ഷം രൂപ മുതലുള്ള ഇലക്ട്രിക് കാറുകള്‍ക്ക് പദ്ധതി
ഇന്ത്യയില്‍ ഫാക്ടറി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരുമായി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടെസ്ല ചര്‍ച്ച തുടങ്ങിയതായി റിപ്പോര്‍ട്ട്. പ്രതിവര്‍ഷം അഞ്ചുലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ള ഫാക്ടറി സ്ഥാപിക്കുന്നതിന്റെ സാധ്യതയെ കുറിച്ചാണ് ചര്‍ച്ച പുരോഗമിക്കുന്നത്. കാറുകള്‍ക്ക് രാജ്യത്ത് 20 ലക്ഷം രൂപ മുതലായിരിക്കും വില എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് ടെസ്ല ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍, ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയില്‍ ഉടന്‍ തന്നെ ഫാക്ടറി സ്ഥാപിക്കുമെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം ഇലോണ്‍ മസ്‌ക് പ്രത്യാശ പ്രകടിപ്പിച്ചത്.
ഇന്ത്യയെ ഇലക്ട്രിക് കാറുകളുടെ കയറ്റുമതി കേന്ദ്രമാക്കി മാറ്റാനാണ് ഇലോണ്‍ മസ്‌ക് ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ നിന്ന് ഇന്‍ഡോ- പസഫിക് മേഖലയില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളിലേക്ക് കാറുകള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള സാധ്യതയാണ് ഇലോണ്‍ മസ്‌ക് തേടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യത്തെ ഗവേഷണ-വികസന യൂണിറ്റായിരിക്കും ബെംഗളൂരു കേന്ദ്രം. സംസ്ഥാന സർക്കാരുമായി കമ്പനി രണ്ടുവട്ടം ചർച്ച നടത്തി. കരാർ നടപ്പായാൽ ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് കാർ നിർമ്മാതാക്കളെ ഇന്ത്യയിലേക്ക് കൊണ്ടുവരും.